മിർപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ബംഗ്ലാദേശിന്‍റെ 145 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയുടെ മുൻനിര തകർന്നടിഞ്ഞു. മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്‌ടത്തിൽ 42 റണ്‍സ് എന്ന നിലയിലാണ്. രണ്ട് ദിനം കൂടി ശേഷിക്കെ വിജയലക്ഷ്യം മറികടക്കാൻ ഇന്ത്യക്കിനി 100 റണ്‍സ് കൂടെ വേണം. നിലവിൽ അക്‌സർ പട്ടേൽ(26), ജയദേവ് ഉനദ്‌ഘട്ട്(3) എന്നിവരാണ് ക്രീസിൽ.
ശുഭ്‌മാൻ ഗിൽ(7), കെഎൽ രാഹുൽ(2), ചേതേശ്വർ പുജാര(6), വിരാട് കോലി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ മെഹ്‌ദി ഹസനാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ഷാക്കിബ് അൽ ഹസൻ ഒരു വിക്കറ്റും നേടി. ആദ്യ ദിനത്തിൽ തകർപ്പൻ കൂട്ടുകെട്ട് പടുത്തുയർത്തിയ റിഷഭ് പന്ത്, ശ്രേയസ് അയ്യർ സഖ്യത്തിലാണ് ഇനി ഇന്ത്യയുടെ പ്രതീക്ഷ.
നേരത്തെ രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 231ന് ഓൾഔട്ട് ആയിരുന്നു. ലിറ്റണ്‍ ദാസ്, സാക്കിർ ഹസൻ എന്നിവരുടെ അർധ സെഞ്ച്വറിയാണ് ബംഗ്ലാദേശിനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റിയത്. 73 റണ്‍സ് നേടിയ ലിറ്റണ്‍ ദാസാണ് ടോപ് സ്‌കോറർ. ഓപ്പണര്‍ സാക്കിർ ഹസൻ 135 പന്തിൽ 51 റണ്‍സെടുത്തു.
നൂറുള്‍ ഹസന്‍ (31), ടസ്‌കിന്‍ അഹമ്മദ് (46 പന്തില്‍ 31*) എന്നിവരാണ് ചെറുത്തില്‍പ്പിന് ശ്രമിച്ച മറ്റ് ബംഗ്ലാ താരങ്ങള്‍. ഇന്ത്യയ്‌ക്കായി അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ആര്‍ അശ്വിന്‍, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌ഘട്ട് എന്നിവര്‍ക്ക് ഓരോ വിക്കറ്റുകള്‍ വീതമുണ്ട്.
ബംഗ്ലാദേശിന്‍റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 227 റണ്‍സിന് മറുപടിയായി 314 റണ്‍സ് ഇന്ത്യ സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് വിക്കറ്റ് നഷ്‌ടമില്ലാതെ ഏഴ് റണ്‍സ് എന്ന നിലയിലാണ് മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ചത്. എന്നാല്‍ സ്‌കോര്‍ബോര്‍ഡില്‍ 13 റണ്‍സുള്ളപ്പോള്‍ അതിഥേയര്‍ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായി. നജ്‌മുല്‍ ഹുസൈന്‍ ഷാന്റോയെ (5) ആര്‍ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു.
പിന്നാലെ മൊമിനുള്‍ ഹഖ് (5), ഷാക്കിബ് അല്‍ ഹസന്‍ (13), മുഷ്‌ഫിഖുര്‍ റഹീം (9) എന്നിവര്‍ മടങ്ങിയതോടെ ബംഗ്ലാദേശ് നാലിന് 70 റണ്‍സ് എന്ന നിലയിലായി. പിന്നാലെ സാക്കിർ ഹസന്‍റെ ചെറുത്ത് നില്‍പ്പ് ഉമേഷ് അവസാനിപ്പിച്ചു. ഇതിനിടെ ലിറ്റണ്‍ പൊരുതിക്കളിച്ചെങ്കിലും മെഹ്‌ദി ഹസന്‍ (0), നൂറുള്‍ ഹസന്‍ (31), എന്നിവര്‍ തിരിച്ച് കയറി. തുടര്‍ന്ന് ലിറ്റണെ വീഴ്‌ത്തി മുഹമ്മദ് സിറാജ് ഇന്ത്യയെ തിരികെ കൊണ്ടുവന്നു. തയ്‌ജുള്‍ ഇസ്‌ലാം (1), ഖാലിദ് അഹമ്മദ് (4) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.