മിർപൂർ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ ബോളർമാർ. പേസ് ആക്രമണവുമായി ഉമേഷ് യാദവും, സ്‌പിന്നിൽ കറക്കി വീഴ്‌ത്തി രവിചന്ദ്രൻ അശ്വിനും തിളങ്ങിയ മത്സരത്തിൽ ബംഗ്ലാദേശ് 73.5 ഓവറിൽ 227ന് ഓൾഔട്ട് ആയി. നാല് വിക്കറ്റ് വീതം വീഴ്‌ത്തിയ ഉമേഷ് യാദവും, അശ്വിനും ചേർന്നാണ് ബംഗ്ലാദേശ് ബാറ്റർമാരുടെ നടുവൊടിച്ചത്. ജയദേവ് ഉനദ്‌കട്ട് രണ്ട് വിക്കറ്റും നേടി.
ആദ്യ ടെസ്റ്റിലെ താരമായിരുന്ന കുൽദീപ് യാദവിനെ പുറത്തിരുത്തി മൂന്ന് പേസർമാരുമായാണ് ഇന്ത്യ രണ്ടാം മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാനെത്തിയത്. തുടക്കത്തിൽ ഇന്ത്യൻ ബോളർമാക്ക് മുന്നിൽ പിടിച്ചു നിന്ന ബംഗ്ലാദേശിന്‍റെ ആദ്യ വിക്കറ്റ് വീഴ്‌ത്തി ഉനദ്‌കട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. അടുത്തടുത്ത ഓവറുകളിൽ ഓപ്പണർമാരായ സാക്കിർ ഹസൻ(15), നജ്‌മുൾ ഹൊസൈൻ ഷാന്തോ(24) എന്നിവരെ പുറത്താക്കി ഇന്ത്യ ബംഗ്ലാദേശിന് ഇരട്ട പ്രഹരം നൽകി.