കൊളംബോ : ഏഷ്യ കപ്പിനോട് (Asia Cup) വിജയത്തോടെ യാത്ര പറഞ്ഞ് മടങ്ങി ബംഗ്ലാദേശ്. സൂപ്പര്‍ ഫോര്‍ (Super Four) പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഭേദപ്പെട്ട സ്‌കോര്‍ ഉയര്‍ത്തുകയും പിന്നീട് ബോളിങ്ങിലൂടെ വരിഞ്ഞുമുറുക്കിയുമാണ് ബംഗ്ലാദേശ് (Bangladesh) ജയം സ്വന്തമാക്കിയത്. അതേസമയം മുന്നേറ്റനിരയും മധ്യനിരയും ഒരുപോലെ തകര്‍ന്നടിഞ്ഞ മത്സരത്തില്‍ വീറോടെ പൊരുതിയ ശുഭ്‌മാന്‍ ഗില്ലിന്‍റെ സെഞ്ചുറിയാണ് ഇന്ത്യയ്‌ക്ക് തോല്‍വി ഭാരം കുറച്ചത് (India Vs Bangladesh In Asia Cup).
ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ച ഇന്ത്യ, പരിചയസമ്പന്നരായ ബൗളര്‍മാര്‍ ഉള്‍പ്പെടുന്ന സീനിയര്‍ താരങ്ങളായ ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചാണ് സൂപ്പര്‍ ഫോറിലെ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ അവസാന മത്സരം ജയിച്ച് സന്തോഷത്തോടെ മടങ്ങുക എന്ന ബംഗ്ലാദേശ് പ്രതീക്ഷയ്‌ക്ക് ഒപ്പം വയ്‌ക്കാവുന്നതായിരുന്നില്ല ഇന്ത്യയുടെ പ്ലെയിങ് ഇലവന്‍. അതുകൊണ്ടുതന്നെ വിക്കറ്റ് വീഴ്‌ത്തുന്നതിലും ബാറ്റ് വീശുന്നതിലും യുവ താരങ്ങളുടെ പരിചയക്കുറവും മത്സരത്തിലുടനീളം പ്രകടമായിരുന്നു. നായകന്‍ രോഹിത് ശര്‍മ ഉള്‍പ്പടെയുള്ള ഇന്ത്യന്‍ ബാറ്റര്‍മാര്‍മാര്‍ക്ക് ക്രീസിലുറയ്‌ക്കാന്‍ കഴിയാതെ വന്നതോടെ ബംഗ്ലാദേശ് അനായാസ ജയത്തിലേക്ക് നീങ്ങുമോ എന്ന പ്രതീതി പോലും ഉയര്‍ന്നിരുന്നു.
തുടക്കം പിഴച്ചു, പിന്നെ എല്ലാം പിഴച്ചു:ബംഗ്ലാദേശ് മുന്നില്‍വച്ച വിജയലക്ഷ്യം മറികടക്കാനായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്‌ക്കായി ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്‌മാന്‍ ഗില്ലുമാണ് ആദ്യമായി ക്രീസിലെത്തിയത്. എന്നാല്‍ നേരിട്ട രണ്ടാമത്തെ പന്തില്‍ തന്നെ രോഹിത്തിനെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. അന്താരാഷ്‌ട്ര മത്സരങ്ങളില്‍ പരിചയസമ്പത്തില്ലാത്ത ബംഗ്ലാ പേസര്‍ തന്‍സീം ഹസന്‍ സാകിബിന്‍റെ പന്തില്‍ അനാമുലിന് ക്യാച്ച് നല്‍കി നായകന്‍ സംപൂജ്യനായി മടങ്ങുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ തിലക് വര്‍മയ്‌ക്കും നിലയുറപ്പിക്കും മുമ്പേ തിരിച്ചുകയറേണ്ടതായി വന്നു. നേരിട്ട ഒമ്പത് പന്തില്‍ ഒരു ബൗണ്ടറി ഉള്‍പ്പടെ അഞ്ച് റണ്‍ മാത്രമായിരുന്നു യുവ താരത്തിന്‍റെ സമ്പാദ്യം. തന്‍സീം തന്നെയായിരുന്നു തിലകിനെയും മടക്കിയത്.
ഈസമയം രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 17 റണ്‍സ് എന്ന വളരെ കുറഞ്ഞ ടോട്ടലായിരുന്നു ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. തൊട്ടുപിറകെ എത്തിയ കെഎല്‍ രാഹുല്‍ വിക്കറ്റ് വലിച്ചെറിയാതെ ശ്രദ്ധയോടെ ബാറ്റ് വീശിയതോടെ സ്‌കോര്‍ബോര്‍ഡ് ചലിച്ചുതുടങ്ങി. എന്നാല്‍ 18ാം ഓവറിലെ ആദ്യ പന്തില്‍ മഹെദി ഹസന്‍ രാഹുലിന് പുറത്തേക്കുള്ള വഴി കാണിച്ചുകൊടുത്തു. 39 പന്തില്‍ രണ്ട് ബൗണ്ടറികളുമായി 19 റണ്‍സുമായി നില്‍ക്കവെ, രാഹുല്‍ ഷമീം ഹൊസൈന്‍റെ കൈകളില്‍ ഒതുങ്ങുകയായിരുന്നു. പിന്നാലെയെത്തിയ ഇഷാന്‍ കിഷനും കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അഞ്ച് റണ്‍സ് മാത്രം സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്ത് കിഷനും തിരിച്ചുകയറി.
ഗില്ലിന്‍റെ പോരാട്ടം:എന്നാല്‍ ഈ സമയങ്ങളിലത്രയും ശുഭ്‌മാന്‍ ഗില്‍ ഇന്ത്യയ്‌ക്കായി സൂക്ഷ്‌മതയോടെ ബാറ്റ് വീശി. ഇങ്ങേയറ്റത്ത് സൂര്യകുമാര്‍ യാദവ് മികച്ച പിന്തുണ നല്‍കിയതോടെ ഇന്ത്യന്‍ ക്യാമ്പില്‍ പ്രതീക്ഷകളും മൊട്ടിട്ടു. എന്നാല്‍ 33ാം ഓവറിലെ നാലാം പന്തില്‍ സൂര്യകുമാറിനെ മടക്കി ഷാകിബ് അല്‍ ഹസന്‍ ആ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി. 34 പന്തില്‍ മൂന്ന് ബൗണ്ടറികള്‍ ഉള്‍പ്പടെ 26 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. തൊട്ടുപിറകെ ഇടങ്കൈയ്യന്‍ ഫിനിഷര്‍ ജഡേജ (7) എത്തിയെങ്കിലും വേഗം തന്നെ മടങ്ങി. എന്നാല്‍ ഈസമയം പിറകെ എത്തിയ അക്‌സര്‍ പട്ടേലിനെ കൂടെ കൂട്ടി ഈ സമയം ഗില്‍ തകര്‍ത്തടിച്ച് തുടങ്ങിയിരുന്നു.