ഹൈദരാബാദ്: ടി20 ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യയും ബംഗ്ലാദേശും അവസാനം തമ്മിലേറ്റുമുട്ടിയത് 2016ലാണ്. ആവേശം അവസാന പന്തിലേക്ക് നീങ്ങിയ മത്സരത്തില്‍ എംഎസ് ധോണിയുടെ വേഗത്തിന് മുന്നിലാണ് ബംഗ്ലാ കടുവകള്‍ അന്ന് വീണത്. ആ ജയത്തോടെയാണ് ഇന്ത്യ 2016ലെ ടി20 ലോകകപ്പിലെ അടുത്ത റൗണ്ടിലേക്ക് മുന്നേറിയത്.
അന്ന് ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്ത്യൻ ബാറ്റര്‍മാര്‍ക്ക് കാര്യങ്ങള്‍ അത്രകണ്ട് എളുപ്പമായിരുന്നില്ല. നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്‌ടത്തില്‍ 146 മാത്രമായിരുന്നു ധോണിക്കും സംഘത്തിനും അന്ന് നേടാനായത്. പേരുകേട്ട ഇന്ത്യന്‍ ബാറ്റര്‍മാര്‍ റണ്‍സ് കണ്ടെത്താന്‍ വിയര്‍ത്ത മത്സരത്തില്‍ 23 പന്തില്‍ 30 റണ്‍സടിച്ച സുരേഷ് റെയ്നയായിരുന്നു ടോപ്‌സ്‌കോറര്‍.
മറുപടി ബാറ്റിങ്ങില്‍ ബംഗ്ലാദേശിനും സമാനരീതിയില്‍ ബാറ്റിങ് തകര്‍ച്ചയനുഭവപ്പെട്ടിരുന്നു. എന്നാല്‍ താരതമ്യേന ചെറിയൊരു ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ബംഗ്ലാകടുവകളെ അവരുടെ പ്രധാന താരങ്ങളെല്ലാം സാവധാനം വിജയത്തോടടുപ്പിച്ചു. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പിഴുത ഇന്ത്യന്‍ ബോളര്‍മാര്‍ മത്സരത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണുണ്ടായത്.
ആവേശം അലതല്ലിയ മത്സരത്തില്‍ അവസാന ഓവറില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 11 റണ്‍സ്. ഇന്ത്യക്കായി പന്തെറിയാനെത്തിയത് യുവതാരം ഹാര്‍ദിക് പാണ്ഡ്യ. പാണ്ഡ്യയുടെ രണ്ടാമത്തെയും മൂന്നാമത്തെയും പന്ത് ബൗണ്ടറി കടത്തി മുഷ്‌ഫീഖര്‍ റഹിം.
തുടര്‍ന്ന് മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മതി എന്നിരിക്കെ ഇന്ത്യന്‍ ആരാധകരെ നിശബ്‌ദനാക്കി ചിന്നസ്വാമിയില്‍ വിജയാഹ്ലാദം പ്രകടിപ്പിച്ചു മുഷ്‌ഫീഖര്‍. തൊട്ടടുത്ത പന്തില്‍ മുഷ്‌ഫീഖറെ മടക്കി പാണ്ഡ്യയുടെ മാസ് റിപ്ലെ. പിന്നാലെ മൊഹമ്മദുള്ളയും സമാനരീതിയില്‍ മടങ്ങി. ഇതോടെ ഒരു പന്തില്‍ ബംഗ്ലാദേശിന് ജയിക്കാന്‍ വേണ്ടിയിരുന്നത് 2 റണ്‍സ്.
അവസാന പന്ത് ബാറ്റില്‍ കൊള്ളിക്കാന്‍ സ്‌ട്രൈക്കില്‍ നിന്ന ഷുവഗാത ഹോമിനായില്ല. പന്ത് നേരേ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിങ് ധോണിയിലേക്ക്. കയ്യില്‍ കിട്ടിയ ബോളുമായി ബാറ്റിങ് എന്‍ഡിലേക്ക് മിന്നല്‍ വേഗത്തില്‍ പാഞ്ഞടുത്ത ധോണി മുസ്തഫീസുര്‍ റഹ്‌മാനെ റണ്‍ ഔട്ടാക്കി ഇന്ത്യക്ക് ഐതിഹാസിക വിജയം സമ്മാനിച്ചു.
ഇത്തരത്തിലൊരു നിര്‍ണായകമത്സരത്തിലാണ് ഇന്ത്യ 2022 ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നതും. ഗ്രൂപ്പില്‍ ശേഷിക്കുന്ന മത്സരം മഴ കാരണം ഉപേക്ഷിച്ചാലോ ബംഗ്ലാദേശിനോട് തോല്‍വി വഴങ്ങിയാലൊ ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം തെറ്റും. അഡ്‌ലെയ്‌ഡിലെ മത്സരം അതുകൊണ്ട് തന്നെ ഇരു ടീമിനും ഒരു ജീവന്‍മരണപോരാട്ടം കൂടിയാണ്.
അഡ്‌ലെയ്‌ഡില്‍ ബംഗ്ലാദേശിനെ നാളെ നേരിടാന്‍ ഇറങ്ങുമ്പോള്‍ ജയം മാത്രമായിരിക്കും രോഹിത് ശര്‍മയും സംഘവും ലക്ഷ്യമിടുന്നത്. അതേ സമയം ഇന്ത്യയെ അട്ടിമറിക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബംഗ്ലാ നായകന്‍ ഷാക്കിബ് അല്‍ ഹസനും വ്യക്തമാക്കിയിട്ടുണ്ട്. നിലവില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യക്ക് പന്നില്‍ മൂന്നാം സ്ഥാനത്താണ് ബംഗ്ലാദേശ്.
പാകിസ്ഥാനെതിരെയാണ് ബംഗ്ലാദേശിന്‍റെ ശേഷിക്കുന്ന മത്സരം. അതേ സമയം ഇന്ത്യക്ക് സിംബാബ്‌വെയാണ് എതിരാളികള്‍. ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ ജയിച്ച ഇന്ത്യ കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് തോറ്റിരുന്നു.