ചിറ്റഗോങ്: ബംഗ്ലാദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ പിടിമുറുക്കി ഇന്ത്യ. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 133 എന്ന നിലയിൽ തകർച്ചയുടെ വക്കിലാണ്. 271 റണ്‍സ് പിന്നിലാണ് ആതിഥേയർ ഇപ്പോഴും. നാല് വിക്കറ്റ് വീഴ്‌ത്തിയ കുൽദീപ് യാദവാണ് ബംഗ്ലാ ബാറ്റർമാരുടെ നട്ടെല്ലൊടിച്ചത്.
എറിഞ്ഞിട്ട് ബോളർമാർ: മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന്‍റെ നജ്‌മുൽ ഹൊസൈൻ ഷാന്‍റോയെ ആദ്യ പന്തിൽ തന്നെ പുറത്താക്കി ക്കൊണ്ടാണ് ഇന്ത്യ തുടങ്ങിയത്. മൂന്നാം ഓവറിൽ യാസിൽ അലിയും (4) പുറത്തായി. തുടർന്നിറങ്ങിയ ലിറ്റണ്‍ ദാസും, സാക്കിർ ഹസനും സ്‌കോർ പതിയെ ഉയർത്തിയെങ്കിലും ടീം സ്‌കോർ 39ൽ നിൽക്കെ ലിറ്റണ്‍ ദാസും (24) പുറത്തായി. പിന്നലെ സാക്കിർ ഹസൻ (20) കൂടി പുറത്തായതേടെ ബംഗ്ലാദേശ് തകർച്ച മുന്നിൽ കണ്ടുതുടങ്ങി.
പിന്നാലെ നിശ്ചിത ഇടവേളകളിൽ ഇന്ത്യൻ ബോളർമാർ വിക്കറ്റ് പിഴുതുകൊണ്ടിരുന്നു. ഷാക്കിബ് അൽ ഹസൻ (3), നുറുൽ ഹസൻ (16), മുസ്‌തഫിഖുർ റഹിം (28), താജുൽ ഇസ്ലാം (0) എന്നിവരും നിരനിരയായി പുറത്തായി. നിലവിൽ മെഹ്‌ദി ഹസനും (16), ഇബാദോത് ഹൊസൈനുമാണ് (13) ക്രീസിൽ. ഇന്ത്യക്കായി കുൽദീപ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുഹമ്മദ് സിറാജ് മൂന്നും ഉമേഷ് യാദവ് ഒരു വിക്കറ്റും നേടി.
കരകയറ്റി അശ്വിനും കുൽദീപും: ആറ് വിക്കറ്റ് നഷ്‌ടത്തിൽ 278 എന്ന നിലയിൽ രണ്ടാം ദിനം ആരംഭിച്ച ഇന്ത്യ ആർ അശ്വിന്‍റെയും (58), കുൽദീപ് യാദവിന്‍റെയും (40) മികവിൽ 404 റണ്‍സിന് ഓൾഔട്ട് ആവുകയായിരുന്നു. സെഞ്ച്വറിയിലേക്ക് അടുത്തുകൊണ്ടിരുന്ന ശ്രേയസ് അയ്യരെ (86) ഇന്ത്യക്ക് തുടക്കത്തിലേ തന്നെ നഷ്‌ടമായി. എന്നാൽ പിന്നീട് ക്രീസിലെത്തിയ അശ്വിനും കുൽദീപും ചേർന്ന് ഇന്ത്യൻ സ്‌കോർ ഉയർത്തുകയായിരുന്നു.
എട്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 92 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ അശ്വിനെ വീഴ്‌ത്തി മെഹ്‌ദി ഹസൻ ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരികെക്കൊണ്ടുവന്നു. തൊട്ടുപിന്നാലെ കുൽദീപും പറത്തായി. തുടർന്ന് ക്രീസിലെത്തിയ ഉമേഷ് യാദവ് (15) രണ്ട് തകർപ്പൻ സിക്‌സുകളോടെ ഇന്ത്യൻ സ്‌കോർ 400 കടത്തി. ഇതിനിടെ മുഹമ്മദ് സിറാജിനെ (4) പുറത്താക്കി ബംഗ്ലാദേശ് ഇന്ത്യൻ ഇന്നിങ്‌സിന് തടയിട്ടു.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ആദ്യ ദിനം ചേതേശ്വർ പുജാര (90), ശ്രേയസ് അയ്യർ (86) എന്നിവരുടെ ബാറ്റിങ് മികവിൽ ആദ്യ ദിനം 278 റണ്‍സ് നേടിയിരുന്നു. റിഷഭ് പന്തും (46) ഇരുവർക്കും മികച്ച പിന്തുണ നൽകി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യക്ക് ഓപ്പണർ ശുഭ്‌മാൻ ഗിൽ (20), നായകന്‍ കെഎൽ രാഹുൽ (22) വിരാട് കോലി (1), അക്‌സർ പട്ടേൽ (14) എന്നിരുടെ മടക്കം വലിയ തിരിച്ചടിയായി.
എന്നാൽ പിന്നീട് ക്രീസിലൊന്നിച്ച പുജാര, ശ്രേയസ് സഖ്യം ഇന്ത്യയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് 64 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് ഇന്ത്യക്ക് വേണ്ടി പടുത്തുയർത്തിയത്. ടീം സ്‌കോർ 200 കടത്തിയതിന് പിന്നാലെയാണ് ഇരുവരും പുറത്തായത്.