മിര്‍പൂര്‍:ഇന്ത്യ ബംഗ്ലാദേശ് ഏകദിന പരമ്പരയ്‌ക്ക് നാളെ തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ പോരാട്ടം മിര്‍പൂരില്‍ നടക്കും. ഇന്ത്യന്‍ സമയം രാവിലെ 11.30 മുതലാണ് മത്സരം.
ലോകകപ്പിന് ശേഷം വിശ്രമം നല്‍കിയിരുന്ന സീനിയര്‍ താരങ്ങള്‍ മടങ്ങിയെത്തുന്ന സാഹചര്യത്തില്‍ മാറ്റങ്ങളുമായാകും ഇന്ത്യന്‍ ടീം ബംഗ്ലാ കടുവകളെ നേരിടാനിറങ്ങുക. രോഹിത് ശര്‍മ, വിരാട് കോലി, കെ എല്‍ രാഹുല്‍ തുടങ്ങി വമ്പന്‍ താരനിരയ്‌ക്കൊപ്പം യുവതാരങ്ങളും മികവിലേക്ക് ഉയര്‍ന്നാല്‍ ബംഗ്ലാദേശിന് സ്വന്തം നാട്ടില്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. കഴിഞ്ഞ ടി20 ലോകകപ്പ് നഷ്‌ടപ്പെട്ട രോഹിത് ശര്‍മയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡും 2023 ലോകകപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള തയ്യാറെടുപ്പുകള്‍ ഈ പരമ്പരയോടെ ആരംഭിച്ചേക്കും.
അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് വേദി ഇന്ത്യ ആയതിനാല്‍ തന്നെ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന പരമ്പരയില്‍ അവസരം പരമാവധി പ്രയോജനപ്പെടുത്താനാകും താരങ്ങളുടെ ശ്രമം. അതോടൊപ്പം കിവീസിനെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെടുത്തിയതിന്‍റെ ക്ഷീണവും ഇന്ത്യക്ക് മാറ്റേണ്ടതുണ്ട്. അതേസമയം സിംബാബ്‌വെയ്‌ക്കെതിരായ ഏകദിന പരമ്പര നഷ്‌ടപ്പെട്ടതിന്‍റെ നാണക്കേട് മാറ്റാനാകും ബംഗ്ലാദേശ് സ്വന്തം മണ്ണിലിറങ്ങുക.
2015ലാണ് ഇന്ത്യ അവസാനമായി ബംഗ്ലാദേശില്‍ പര്യടനം നടത്തിയത്. എം എസ് ധോണിയുടെ നേതൃത്വത്തിലെത്തിയ ഇന്ത്യന്‍ ടീം അന്ന് 2-1ന് ഏകദിന പരമ്പര പരാജയപ്പെട്ടിരുന്നു. അന്ന് അരങ്ങേറ്റം നടത്തിയ മുസ്‌തുഫിസുര്‍ റഹ്‌മാന്‍റെ ബോളിങ്ങിന് മുന്നിലായിരുന്നു ഇന്ത്യന്‍ ടീം അടിയറവ് പറഞ്ഞത്.
പരമ്പരയിലെ രണ്ടാം ഏകദിനം ഡിസംബര്‍ ഏഴിനും, മൂന്നാം മത്സരം ഡിസംബര്‍ 10നും നടക്കും. മിര്‍പൂരില്‍ തന്നെയാണ് മൂന്ന് മത്സരങ്ങളും ഇന്ത്യ കളിക്കുക. ഏകദിന പരമ്പരയ്‌ക്ക് പിന്നാലെ രണ്ട് ടെസ്‌റ്റ് മത്സരങ്ങളും ഇന്ത്യ ബംഗ്ലാദേശില്‍ കളിക്കുന്നുണ്ട്.