ചിറ്റഗോംഗ്:ബംഗ്ലാദേശിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 409 റണ്‍സ് നേടി. ഇഷാൻ കിഷന്‍റെ (210) ഇരട്ട സെഞ്ച്വറിയും വിരാട് കോലിയുടെ (113) സെഞ്ച്വറിയുമാണ് ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ചത്.
ഓപ്പണറായി ഇറങ്ങിയ ഇഷാൻ കിഷൻ 131 പന്തിൽ 24 ഫോറും, 10 സിക്‌സുകളും ഉൾപ്പെടെയാണ് കരിയറിലെ തന്‍റെ ആദ്യ സെഞ്ച്വറി പൂർത്തിയാക്കിയത്. കോലി 90 പന്തുകളിൽ നിന്ന് 11 ഫോറിന്‍റെയും രണ്ട് സിക്‌സിന്‍റെയും അകമ്പടിയോടെയാണ് 113 റണ്‍സ് നേടിയത്.
നായകൻ രോഹിത് ശർമയുടെ അഭാവത്തിൽ ശിഖർ ധവാനും, ഇഷാൻ കിഷനുമാണ് ഇന്ത്യയുടെ ഓപ്പണർമാരായെത്തിയത്. മത്സരത്തിന്‍റെ നാലാം ഓവറിൽ തന്നെ ഇന്ത്യക്ക് ശിഖർ ധവാന്‍റെ വിക്കറ്റ് നഷ്‌ടമായി. 3 റണ്‍സ് നേടിയ താരത്തെ മെഹ്‌ദി ഹസൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ പിന്നീട് ക്രീസിലെത്തിയ വിരാട് കോലിയും ഇഷാൻ കിഷനും ചേർന്ന് ബംഗ്ലാദേശ് ബോളർമാരെ നിഷ്‌പ്രഭമാക്കുകയായിരുന്നു.
വിസ്‌മയമായി കിഷൻ: രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 290 റണ്‍സിന്‍റെ കൂറ്റൻ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. 81 പന്തിൽ തന്‍റെ സെഞ്ച്വറി പൂർത്തിയാക്കിയ കിഷൻ അടുത്ത 41 പന്തിലാണ് കരിയറിലെ ആദ്യത്തെ ഡബിൾ സെഞ്ച്വറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തിലെ അതിവേഗ ഡബിൾ സെഞ്ച്വറി എന്ന നേട്ടവും കിഷൻ സ്വന്തമാക്കി.
128 പന്തിൽ ഡബിൾ സെഞ്ച്വറി തികച്ച ക്രിസ് ഗെയിലിന്‍റെ റെക്കോഡാണ് കിഷൻ മറികടന്നത്. കിഷന് മികച്ച പിന്തുണയുമായി കോലിയും നിലയുറപ്പിച്ചതോടെ ഇന്ത്യയുടെ സ്‌കോർ അതിവേഗം ഉയർന്നു. 35-ാം ഓവറിലെ അവസാന പന്തിലാണ് ബംഗ്ലാദേശിന് ഈ കൂട്ടുകെട്ട് പൊളിക്കാനായത്.
കോലിയുടെ സെഞ്ച്വറി: ടസ്‌കിൻ അഹമ്മദിന്‍റെ പന്തിൽ ലിറ്റണ്‍ ദാസിന് ക്യാച്ച് നൽകി കിഷൻ മടങ്ങുമ്പോൾ ഇന്ത്യയുടെ സ്‌കോർ 305 റണ്‍സിലെത്തിയിരുന്നു. കിഷന് പിന്നാലെ ക്രീസിലെത്തിയ ശ്രേയസ് അയ്യർ (3) നിലയുറപ്പിക്കുന്നതിന് മുന്നേ തന്നെ മടങ്ങി. പിന്നാലെ വിരാട് കോലി തന്‍റെ സെഞ്ച്വറി പൂർത്തിയാക്കി. എബാദത്ത് ഹൊസൈനെ സിക്‌സടിച്ചാണ് കോലി തന്‍റെ സെഞ്ച്വറി ആഘോഷിച്ചത്.
തുടർന്ന് ക്രിസിലെത്തിയ നായകൻ കെഎൽ രാഹുലും അധികം വൈകാതെ തന്നെ പുറത്തായി. എട്ട് റണ്‍സ് മാത്രമാണ് താരത്തിന് സ്വന്തമാക്കാനായത്. രാഹുലിന് പിന്നാലെ വിരാട് കോലിയും മടങ്ങി. കോലി പുറത്താകുമ്പോൾ 41 ഓവറിൽ അഞ്ച് വിക്കറ്റിന് 344 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്നിറങ്ങിയ വാഷിങ്ടണ്‍ സുന്ദറും, അക്‌സർ പട്ടേലും ചേർന്ന് ടീം സ്‌കോർ മെല്ലെ ഉയർത്തി.
ALSO READ:തകർപ്പൻ ഇരട്ട സെഞ്ച്വറി: ഫാസ്റ്റസ്റ്റാണ്, യംഗസ്റ്റാണ്, ഫസ്റ്റാണ്... ഇഷാൻ കിഷൻ 'ഡബിൾ സ്ട്രോങാണ്'
ഇരുവരും ചേർന്ന് 46 റണ്‍സിന്‍റെ കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ ടീം സ്‌കോർ 390ൽ നിൽക്കെ അക്‌സർ പട്ടേൽ(20) പുറത്തായി. മറുവശത്ത് തകർത്തടിക്കുകയായിരുന്ന വാഷിങ്‌ടണ്‍ സുന്ദർ ഇന്ത്യൻ സ്‌കോർ 400 കടത്തി. പിന്നാലെ 48-ാം ഓവറിൽ സുന്ദറും (37) പുറത്തായി. തൊട്ടുപിന്നാലെ ഷാർദുൽ താക്കൂറും (3) പുറത്തായി.
കുൽദീപ് യാദവ് (3), മുഹമ്മദ് സിറാജ് എന്നിവർ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഇബാദോട്ട് ഹുസൈൻ, ഷാക്കിബ് അൽ ഹസൻ, ടസ്‌കിൻ അഹമ്മദ് എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുസ്‌തഫിസുർ റഹ്‌മാൻ, മെഹ്‌ദി ഹൊസൈൻ എന്നിവർ ഓരോ വിക്കറ്റും നേടി. ആദ്യ രണ്ട് മത്സരം ജയിച്ച ബംഗ്ലാദേശ് ഏകദിന പരമ്പര നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു.