മുംബൈ :ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ മലയാളി താരം സഞ്‌ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. പതിവ് പോലെ ഇക്കാര്യത്തിലെ അതൃപ്‌തി പരസ്യമാക്കിയ ആരാധകര്‍ സെലക്‌ടര്‍മാരുടെ തീരുമാനത്തെ ചോദ്യം ചെയ്‌ത് രംഗത്തെത്തുകയും ചെയ്‌തിരുന്നു. ഒടുവില്‍ ടീമിന്‍റെ ഭാഗമായിരുന്ന ശ്രേയസ് അയ്യര്‍ പരിക്കേറ്റ് പുറത്തായതോടെ സഞ്‌ജുവിന് വാതില്‍ തുറക്കപ്പെടുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനെ ആവശ്യമില്ലെന്നാണ് സെലക്‌ടര്‍മാര്‍ തീരുമാനമെടുത്തത്. ഇതോടെ സഞ്‌ജുവിനെ വീണ്ടും ബിസിസിഐ തഴഞ്ഞുവെന്ന വാദത്തിന് ആരാധകര്‍ കൂടുതല്‍ ഉറപ്പ് നല്‍കി. ഇന്ത്യയുടെ മുന്‍ ബാറ്ററും കമന്‍റേറ്ററുമായ ആകാശ് ചോപ്രയടക്കം ഇക്കാര്യത്തില്‍ അതൃപ്തി പരസ്യമാക്കി രംഗത്തെത്തിയതും ശ്രദ്ധേയമാണ്.
എന്നാല്‍ സഞ്‌ജുവിനെ മനഃപൂര്‍വം ഒഴിവാക്കിയതല്ലെന്നാണ് പേരുവെളിപ്പെടുത്താന്‍ താല്‍പ്പര്യപ്പെടാത്ത ഒരു ബിസിസിഐ ഒഫീഷ്യല്‍ പ്രതികരിച്ചിരിക്കുന്നത്. പരിക്കില്‍ നിന്നും മുക്തനായി പൂര്‍ണമായി ഫിറ്റ്നസ് വീണ്ടെടുക്കാന്‍ സഞ്‌ജു ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഇക്കാരണത്താലാണ് ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഒന്നാം ഏകദിനത്തില്‍ നിന്നും താരത്തെ മാറ്റി നിര്‍ത്തിയതെന്നാണ് അദ്ദേഹം പറയുന്നത്.
"പരിക്കിൽ നിന്ന് മോചിതനാവുന്ന സഞ്ജു സാംസണ്‍ ഇപ്പോഴും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണുള്ളത്. ഇക്കാരണത്താലാണ് ഒന്നാം ഏകദിനത്തില്‍ നിന്നും സഞ്‌ജുവിനെ മാറ്റി നിര്‍ത്തിയത്. ശ്രേയസ് അയ്യര്‍ക്ക് പകരമായി സഞ്ജുവിനെ ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്‌ടര്‍മാരാണ്.
എന്നാൽ ടൈറ്റ് ഷെഡ്യൂൾ കണക്കിലെടുക്കുമ്പോള്‍ രണ്ടാം ഏകദിനത്തിന് മുന്നേ സഞ്ജു പൂര്‍ണ ഫിറ്റാകന്‍ സാധ്യതയില്ല" - ബിസിസിഐ ഒഫീഷ്യല്‍ പറഞ്ഞു. ഒരു പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.