ന്യൂഡല്‍ഹി : ഓസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലും മികച്ച തുടക്കം മുതലാക്കാന്‍ ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിക്ക് കഴിഞ്ഞിരുന്നില്ല. ഓസീസിന്‍റെ അരങ്ങേറ്റക്കാരൻ മാത്യു കുഹ്‌നെമാന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയാണ് താരം ഓട്ടാവുന്നത്. എന്നാല്‍ കോലിയുടെ വിക്കറ്റിനെച്ചൊല്ലി വിവാദം കനക്കുകയാണ്.
ഇന്ത്യന്‍ ഇന്നിങ്‌സിന്‍റെ 50ാം ഓവറിലെ മൂന്നാം പന്തിലാണ് കോലി പുറത്തായത്. കുഹ്‌നെമാനെ ഫ്രണ്ട് ഫൂട്ടില്‍ പ്രതിരോധിച്ച കോലിയുടെ ബാറ്റിലും പാഡിലുമായാണ് പന്തിടിച്ചത്. ഓസീസ് താരങ്ങള്‍ എല്‍ബിഡബ്ല്യു അപ്പീല്‍ ചെയ്തതോടെ അമ്പയറായ നിതിന്‍ മേനോന്‍ ഔട്ട് വിധിച്ചു.
പന്ത് ബാറ്റില്‍ കൊണ്ടുവെന്ന് ഉറപ്പുണ്ടായിരുന്ന വിരാട് കോലി ആത്മവിശ്വാസത്തോടെ തന്നെ റിവ്യൂ എടുത്തു. റീപ്ലേയില്‍ പന്ത് പാഡിലും ബാറ്റിലും കൊള്ളുന്നതായി കാണാമായിരുന്നുവെങ്കിലും ആദ്യം എവിടെയാണ് തട്ടിയതെന്ന് വ്യക്തമായിരുന്നില്ല. എന്നാല്‍ മൂന്നാം അമ്പയർ ഓൺ-ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവയ്‌ക്കുകയായിരുന്നു.
ALSO READ:ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ 100 വിക്കറ്റുകള്‍; റെക്കോഡിട്ട് നഥാന്‍ ലിയോണ്‍
കടുത്ത നിരാശയോടെയാണ് കോലി കളം വിട്ടത്. തുടര്‍ന്ന് ഡ്രസിങ് റൂമിൽ തിരിച്ചെത്തിയ ശേഷവും ടീമംഗങ്ങള്‍ക്കൊപ്പം റീപ്ലേ കണ്ട താരം അതൃപ്‌തി പ്രകടിപ്പിക്കുന്നത് കാണാമായിരുന്നു. 84 പന്തില്‍ നാല് ഫോറുകള്‍ സഹിതം 44 റണ്‍സായിരുന്നു കോലി നേടിയിരുന്നത്. തന്നെ സംബന്ധിച്ച് അത് ഔട്ടായിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍ ഉള്‍പ്പടെ നിരവധി പേര്‍ ട്വീറ്റ് ചെയ്‌തിട്ടുണ്ട്.