ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും ഓപ്പണറുമായ കെഎല്‍ രാഹുല്‍ നടത്തിയത്. ആദ്യ ഇന്നിങ്‌സില്‍ 17 റണ്‍സ് മാത്രം നേടിയ രാഹുല്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും ഒരു റണ്‍സ് കണ്ടെത്തിയത്. ഫോമിലുള്ള ശുഭ്‌മാന്‍ ഗില്ലിനെ പുറത്തിരുത്തിയാണ് മാനേജ്‌മെന്‍റ് രാഹുലിന് അവരം നല്‍കിയത്.
ഇതിനെ ചോദ്യം ചെയ്‌ത് ഇന്ത്യയുടെ മുന്‍ താരമായ വെങ്കിടേഷ് പ്രസാദ് രംഗത്തുവന്നിരുന്നു. ഇഷ്‌ടക്കാരനായതിനാലാണ് രാഹുല്‍ പ്ലേയിങ് ഇലവനിലെത്തിയതെന്നായിരുന്നു പ്രസാദിന്‍റെ വിമര്‍ശനം. ഡല്‍ഹി ടെസ്റ്റിലും രാഹുലിന് കാര്യമായി ഒന്നും ചെയ്യാനാവാതിരുന്നതോടെ തന്‍റെ വാക്കുകള്‍ കടുപ്പിച്ചിരിക്കുകയാണ് അദ്ദേഹം.
മോശം പ്രകടനം തുടരുന്ന രാഹുലിനെ നിരന്തരം പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നത് സങ്കടകരമാണെന്നാണ് പ്രസാദ് തുറന്നടിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റില്‍ കഴിഞ്ഞ 20 വർഷത്തിനിടയിൽ ഒരു മുൻനിര ബാറ്ററും ഇത്രയും കുറഞ്ഞ ശരാശരിയിൽ ഇത്രയും ടെസ്റ്റുകൾ കളിച്ചിട്ടില്ലെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
"രാഹുലിനായി ഫോമിലുള്ള കഴിവുള്ള താരങ്ങളെ മാനേജ്‌മെന്‍റ് ബോധപൂർവം തഴയുകയാണ്. ശിഖര്‍ ധവാന്‍റെ ടെസ്റ്റ് ശരാശരി 40ല്‍ കൂടുതലാണ്. മായങ്ക് അഗര്‍വാളിന് 41-ലധികമാണ് ടെസ്റ്റ് ശരാശരി. രണ്ട് ഇരട്ട സെഞ്ചുറികളും അവന്‍ നേടിയിട്ടുണ്ട്.