ഗുവാഹത്തി: ഇന്ത്യയ്‌ക്കെതിരായ മൂന്നാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 223 റണ്‍സ് വിജയലക്ഷ്യം. ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദിന്‍റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ മികവിലാണ് ഓസീസിനെതിരെ ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ നേടിയത്. 57 പന്തുകളില്‍ നിന്നും 13 ഫോറുകളുടെയും ഏഴ് സിക്‌സുകളുടെയും അകമ്പടിയില്‍ 123 റണ്‍സാണ് റിതുരാജ് അടിച്ച് കൂട്ടിയത്. അന്താരാഷ്‌ട്ര ടി20യില്‍ താരത്തിന്‍റെ ആദ്യത്തെ സെഞ്ച്വറി കൂടിയാണ് ഇന്നത്തെ മത്സരത്തില്‍ പിറന്നത് (India vs Australia 3rd T20I score updates).
മത്സരത്തില്‍ ടോസ് നേടിയ ഓസീസ് നായകന്‍ മാത്യൂ വെയ്‌ഡ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ ബാറ്റിങ്ങില്‍ ടീം സ്‌കോര്‍ 14 റണ്‍സില്‍ നില്‍ക്കെ യശസ്വി ജയ്‌സ്വാളിനെ(6) ഇന്ത്യക്ക് നഷ്‌ടമായിരുന്നു. ജയ്‌സ്വാളിനെ മാത്യൂ വെയ്‌ഡിന്‍റെ കൈകളിലെത്തിച്ച് ജേസണ്‍ ബെഹെന്‍ഡ്രോഫ് ആണ് ഓസ്‌ട്രേലിയക്ക് ആദ്യ വിക്കറ്റ് സമ്മാനിച്ചത്.
തുടര്‍ന്ന് ഇറങ്ങിയ ഇഷാന്‍ കിഷന്‍ റണ്ണൊന്നുമെടുക്കാതെ പുറത്തായി. കെയ്‌ന്‍ റിച്ചാര്‍ഡ്‌സണായിരുന്നു വിക്കറ്റ്. ഒരറ്റത്ത് വിക്കറ്റുകള്‍ വീണപ്പോഴും മത്സരത്തില്‍ നിലയുറപ്പിച്ച് കളിക്കുകയായിരുന്നു റിതുരാജ്. മൂന്നാം വിക്കറ്റില്‍ നായകന്‍ സൂര്യകുമാര്‍ യാദവിനൊപ്പം ചേര്‍ന്ന് ഗെയ്‌ക്‌വാദ് ടീം സ്‌കോര്‍ ഉയര്‍ത്തി. 29 പന്തുകളില്‍ അഞ്ച് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 39 റണ്‍സെടുത്ത സൂര്യകുമാര്‍ റിതുവിന് മത്സരത്തില്‍ മികച്ച പിന്തുണയാണ് നല്‍കിയത്.