ഗുവാഹത്തി :ഗ്ലെന്‍ മാക്സ്വെല്ലിന്റെ തകര്‍പ്പന്‍ സെഞ്ച്വറി മികവില്‍ മൂന്നാം ടി20യില്‍ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയയ്ക്ക് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യം ഇരുപതാം ഓവറിലെ അവസാന പന്തിലാണ് ഓസീസ് മറികടന്നത്. 48 പന്തുകളില്‍ എട്ട് ഫോറും എട്ട് സിക്സും ഉള്‍പ്പെടെ 104 റണ്‍സാണ് മാക്സ്വെല് അടിച്ചുകൂട്ടിയത് (India vs Australia third t20i match result).
ഇതോടെ അഞ്ച് മത്സര ടി20 പരമ്പരയില്‍ ഓസ്ട്രേലിയ ആദ്യ വിജയം നേടി. 16 പന്തില്‍ 28 റണ്‍സെടുത്ത നായകന് മാത്യൂ വെയ്ഡ് മത്സരത്തില്‍ മാക്സ്വെല്ലിന് മികച്ച പിന്തുണ നല്കി.
ഇന്ത്യ ഉയര്‍ത്തിയ 223 റണ്‍സ് വിജയലക്ഷ്യത്തിന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്കായി ട്രാവിസ് ഹെഡും ആരോണ്‍ ഹാര്‍ഡിയും ചേര്‍ന്ന് മികച്ച തുടക്കമാണ് നല്‍കിയത്. 4.2 ഓവറില്‍ ടീം സ്കോര്‍ 47റണ്‍സില്‍ നില്‍ക്കെ 16 റണ്‍സെടുത്ത ഹാര്‍ഡിയാണ് ആദ്യം പുറത്തായത്. 18 പന്തുകളില്‍ എട്ട് ഫോറുകള്‍ ഉള്‍പ്പെടെ 35 റണ്‍സെടുത്ത ട്രാവിസ് ഹെഡ് തൊട്ടുപിന്നാലെ പുറത്തായി.
തുടര്‍ന്നെത്തിയ ജോഷ് ഇംഗ്ലിസിന് ഓസീസിനായി ഇന്ന് കാര്യമായ പ്രകടനം നടത്താനായില്ല. അതേസമയം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാനെതിരെ ഡബിള്‍ സെഞ്ച്വറി അടിച്ച പ്രകടനം ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു മാക്സ്വെല്ലിന്റെ ഇന്നത്തെ ഇന്നിങ്ങ്സ്. ഒരറ്റത്ത് മാത്യൂ വെയ്ഡ് പിടിച്ചുനിന്നപ്പോള്‍ മറുവശത്ത് ഇന്ത്യന്‍ ബോളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുകയായിരുന്നു മാക്സ്വെല്.