ചെന്നൈ: ഇന്ത്യക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോർ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49 ഓവറിൽ 269 റണ്‍സിന് ഓൾഔട്ടായി. 47 റണ്‍സ് നേടിയ മിച്ചൽ മാർഷും, 38 റണ്‍സ് നേടിയ അലക്‌സ് കാരിയും, 33 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ഓസീസിനെ മികച്ച നിലയിലെത്തിച്ചത്.
നിർണായക മത്സരത്തിൽ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കായി ഓപ്പണർമാരായ ട്രാവിസ് ഹെഡും മിച്ചൽ മാർഷും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 10 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ടീം സ്‌കോർ 60 കടത്തി. എന്നാൽ ട്രാവിസ് ഹെഡിനെ പുറത്താക്കിക്കൊണ്ട് ഹാർദിക് പാണ്ഡ്യ ഈ കൂട്ടുകെട്ട് പൊളിച്ചു. 31 പന്തിൽ 33 റണ്‍സ് നേടിയ താരത്തെ പാണ്ഡ്യ കുൽദീപിന്‍റെ കൈകളിലെത്തിക്കുകയായിരുന്നു.
പിന്നാലെ ക്രീസിലെത്തിയ നായകൻ സ്റ്റീവ് സ്‌മിത്തിനെ തന്‍റെ അടുത്ത ഓവറിൽ ഡക്കാക്കി പണ്ഡ്യ ഓസീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു. തൊട്ടടുത്ത ഓവറിൽ തന്നെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന് മിച്ചൽ മാർഷിനെ പുറത്താക്കി പാണ്ഡ്യ ഓസ്‌ട്രേലിയയെ ഞെട്ടിച്ചു. പുറത്താകുമ്പോൾ 47 പന്തിൽ 47 റണ്‍സായിരുന്നു മാർഷിന്‍റെ സമ്പാദ്യം.
തുടർന്ന് ക്രീസിലെത്തിയ ഡേവിഡ് വാർണറും മാർനസ് ലാബുഷെയ്‌നും ചേർന്ന് സ്‌കോർ മെല്ലെ ഉയർത്തി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ടീം സ്‌കോർ 124ൽ നിൽക്കെ ഡേവിഡ് വാർണറെ പുറത്താക്കിക്കൊണ്ട് കുൽദീപ് യാദവ് ഈ കൂട്ടുകെട്ട് പൊളിച്ചു. 23 റണ്‍സായിരുന്നു വാർണറിന്‍റെ സമ്പാദ്യം.