അഹമ്മദാബാദ്: ബോർഡർ - ഗവാസ്‌കർ ട്രോഫി പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരത്തിന്‍റെ ആദ്യ ഇന്നിങ്‌സിൽ മികച്ച നിലയിൽ ഓസ്ട്രേലിയ. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ 90 ഓവറിൽ 255/4 എന്ന നിലയിലാണ് ഓസ്ട്രേലിയ. ഉസ്‌മാൻ ഖവാജയുടെ സെഞ്ച്വറി മികവിലാണ് സന്ദർശകർ മികച്ച നിലയിൽ എത്തിയത്.
ടെസ്റ്റ് കരിയറിൽ ഖവാജയുടെ 14-ാം സെഞ്ച്വറിയാണിത്. 251 പന്തില്‍ 15 ഫോറുകളടക്കം 104 റണ്‍സുമായാണ് ഖവാജ പുറത്താകാതെ നിൽക്കുന്നത്. 64 പന്തിൽ എട്ട് ഫോറുകളടയ്‌ക്കം 49 റൺസെടുത്ത കാമറൂൺ ഗ്രീനാണ് ഖവാജയ്‌ക്കൊപ്പം ക്രീസിൽ. ഈ വർഷത്തെ ബോർഡർ - ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യൻ നായകൻ രോഹിത് ശർമയ്ക്ക് ശേഷം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരവും ആദ്യം ഓസീസ് താരവുമാണ് ഉസ്മാൻ ഖവാജ.
ആദ്യ മൂന്ന് ടെസ്റ്റ് മത്സരത്തിൽ നിന്നും വ്യത്യസ്‌തമായി ഇന്ത്യൻ സ്‌പിന്നർമാർക്ക് ഓസ്ട്രേലിയൻ ബാറ്റർമാർക്ക് മേൽ ആധിപത്യം പുലർത്താനായില്ല. ഇന്ത്യക്കായി പേസർ മുഹമ്മദ് ഷമി രണ്ട് വിക്കറ്റും രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി.
അഹമ്മദാബാദിൽ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയക്കായി ഓപ്പണിങ് സഖ്യമായ ട്രാവിസ് ഹെഡും ഉസ്‌മാന്‍ ഖവാജയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ടാണ് തീർത്തത്. പിന്നാലെ സ്‌കോർ 61 നിൽക്കെ ട്രാവിസ് ഹെഡ് മടങ്ങി. അശ്വിന്‍റെ ഓവറിൽ ജഡേജയ്‌ക്ക് ക്യാച്ച് നൽകിയാണ് താരം പുറത്തായത്.
പിന്നാലെ മാർനസ് ലബുഷെയ്ൻ മൂന്ന് റൺസുമായി ഷമിക്ക് മുന്നിൽ കീഴടങ്ങി. മൂന്നാം വിക്കറ്റിൽ നായകൻ സ്മിത്തുമായി ചേർന്ന് ഖവാജ പതിയെ സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 79 റൺസ് ചേർത്ത ശേഷമാണ് പിരിഞ്ഞത്. 135 പന്തിൽ 38 റൺസെടുത്ത സ്‌മിത്ത് ജഡേജയുടെ പന്തിൽ ബൗൾഡായി. പിന്നാലെ ക്രീസിലെത്തിയ ഹാന്‍ഡ്‌സ്കോംബിനെയും ഷമി ബൗൾഡാക്കി.
27 പന്തിൽ 17 റൺസാണ് ഹാന്‍ഡ്‌സ്കോംബ് നേടിയത്. പിന്നീടെത്തിയ കാമറൂൺ ഗ്രീനിനെ കൂട്ടുപിടിച്ച ഖവാജ സ്‌കോർ ഉയർത്തി. ഇതുവരെ അഞ്ചാം വിക്കറ്റിൽ ഇരുവരും ചേര്‍ന്ന് 85 റണ്‍സാണ് നേടിയത്. ഏകദിനശൈലിയിൽ കളിക്കുന്ന ഗ്രീനാണ് കൂടുതൽ അപകടകാരി.
ആദ്യ മൂന്ന് ടെസ്റ്റിന് വിപരീതമായി ബാറ്റിങ്ങിന് അനുകൂലമായ പിച്ചിൽ അനായാസമാണ് ഓസീസ് താരങ്ങൾ ബാറ്റുവീശുന്നത്. ഇടവേളകളിൽ വിക്കറ്റുകൾ സ്വന്തമാക്കിയെങ്കിലും ക്ഷമയോടെ ബാറ്റേന്തിയ ഖവാജയെ പുറത്താക്കാനാകാത്തത് ഇന്ത്യക്ക് വെല്ലുവിളി സൃഷ്‌ടിച്ചേക്കും.
13 വർഷത്തിനിടെ ആദ്യ സെഞ്ച്വറി; 13 വർഷത്തെ ചരിത്രത്തിൽ ഇന്ത്യയിലെ ടെസ്റ്റ് മത്സരത്തിൽ ശതകം സ്വന്തമാക്കുന്ന ആദ്യ ഇടം കൈയൻ ഓസ്ട്രേലിയൻ ബാറ്റെറെന്ന നേട്ടവും താരം സ്വന്തം പേരിലാക്കി. ഇതിനു മുൻപ് 2010/11 സീസണിലാണ് ഒരു ഇടംകൈയന്‍ ഓസീസ് ബാറ്റർ ശതകം സ്വന്തമാക്കിയത്. അവസാനമായി മാർക്കസ് നോർത്താണ് ഇന്ത്യൻ മണ്ണിൽ മൂന്നക്കം കടന്ന ഇടംകൈയ്യൻ ബാറ്റർ.
ജഡേജയ്‌ക്ക് മുന്നിൽ നാണംകെട്ട് സ്‌മിത്ത്; നിലവിൽ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും മികച്ച ബാറ്റർമാരിലൊരാളാണ് സ്റ്റീവ് സ്‌മിത്ത്. ടെസ്റ്റ് മത്സരങ്ങളിൽ സ്‌മിത്തിനെ ഏഴ് തവണ പുറത്താക്കിയിട്ടുണ്ട് ഇന്ത്യയുടെ രവീന്ദ്ര ജഡേജ. ഇതിൽ നാല് തവണയും ബൗൾഡാണെന്നത് മികച്ച റെക്കോഡാണ്.