ചെപ്പോക്ക്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഓസ്‌ട്രേലിയയെ ചെറിയ സ്‌കോറില്‍ ഒതുക്കി ഇന്ത്യന്‍ ബോളര്‍മാര്‍. ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഓസീസ് 49.3 ഓവറില്‍ 199 റണ്‍സിന് ഓള്‍ഔട്ടായി (India vs Australia Score updates). സ്‌റ്റീവ് സ്‌മിത്താണ് ഓസീസിന്‍റെ ടോപ് സ്‌കോറര്‍.
71 പന്തുകളില്‍ 46 റണ്‍സെടുത്ത സ്‌മിത്തിന് പുറമെ 52 പന്തുകളില്‍ 41 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാലറ്റത്ത് മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ (34 പന്തില്‍ 28) പ്രകടനവും നിര്‍ണായകമായി. ഇന്ത്യയ്‌ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി.
ഞെട്ടലോടെയായിരുന്നു ഓസീസിന്‍റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ വെറും അഞ്ച് റണ്‍സ് മാത്രം നില്‍ക്കെ ടീമിന് ആദ്യ വിക്കറ്റ് നഷ്‌ടമായി. അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന മാര്‍ഷിനെ ജസ്‌പ്രീത് ബുംറയാണ് മടക്കിയത്.
ഒരു തകര്‍പ്പന്‍ ക്യാച്ചിലൂടെ സ്ലിപ്പില്‍ വിരാട് കോലിയാണ് താരത്തെ കയ്യില്‍ ഒതുക്കിയത്. രണ്ടാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ് വാര്‍ണര്‍-സ്‌റ്റീവ് സ്‌മിത്ത് സഖ്യം 69 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി.
ഇന്ത്യന്‍ പേസര്‍മാരായ ബുംറയ്‌ക്കും സിറാജിനും എതിരെ താളം കണ്ടെത്താന്‍ ഇരുവരും പ്രയാസപ്പെട്ടതോടെ ആറ് ഓവര്‍ പിന്നിടുമ്പോള്‍ ഒന്നിന് 16 എന്ന നിലയിലായിരുന്നു ഓസീസ്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ ആക്രമിച്ചെങ്കിലും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ക്ക് മുന്നിലും ഇരുവരും പകച്ചു. ഇതോടെ ഓസീസ് ഇന്നിങ്‌സ് ഇഴഞ്ഞ് നീങ്ങി.
വാര്‍ണറെ വീഴ്‌ത്തി കുല്‍ദീപ് യാദവാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നാലെ രവീന്ദ്ര ജഡേജ സ്‌മിത്തിന്‍റെ കുറ്റിയിളക്കി. മൂന്നാമനായി സ്‌മിത്ത് തിരിച്ച് കയറുമ്പോള്‍ 110 റണ്‍സായിരുന്നു ഓസീസ് ടോട്ടലില്‍ ഉണ്ടായിരുന്നത്.
തുടര്‍ന്ന് വെറും 30 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്‌ടമായതോടെ ഓസീസ് പ്രതിരോധത്തിലായി. മാര്‍നെസ് ലാബുഷെയ്‌ന്‍ (41 പന്തുകളില്‍ 27), അലക്‌സ് കാരി (2 പന്തുകളില്‍ 0), ഗ്ലെന്‍ മാക്‌സ്‌വെല്‍ (25 പന്തുകളില്‍ 15), കാമറൂണ്‍ ഗ്രീന്‍ (20 പന്തുകളില്‍ 8) എന്നിവരാണ് നിരാശപ്പെടുത്തിയത്. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും (24 പന്തില്‍ 15), ആദം സാംപയും (20 പന്തില്‍ 6) കാര്യമായി ഒന്നും ചെയ്യാതെ മടങ്ങിയെങ്കിലും മിച്ചല്‍ സ്റ്റാര്‍ക്ക് നടത്തിയ ചെറുത്ത് നില്‍പ്പാണ് ഓസീസിനെ 200ന് അടുത്ത് എത്തിച്ചത്. ജോഷ് ഹേസൽവുഡ് (1 പന്തില്‍ 1) പുറത്താവാതെ നിന്നു.
ALSO READ: Virat Kohli Breaks Anil Kumble Record കോലിയുടെ പറവ ക്യാച്ചില്‍ മാര്‍ഷിന്‍റെ കിളി പാറി; റെക്കോഡിട്ട് ഇന്ത്യന്‍ താരം
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ഇഷാൻ കിഷൻ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, കുൽദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവൻ സ്‌മിത്ത്, മാർനസ് ലെബുഷെയ്‌ന്‍, കാമറൂൺ ഗ്രീൻ, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ്(ക്യാപ്റ്റന്‍), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ.