നാഗ്‌പൂര്‍ : ഒരു ഇടവേളയ്‌ക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജ മികച്ച പ്രകടനമാണ് നാഗ്‌പൂര്‍ ടെസ്റ്റില്‍ കാഴ്‌ചവയ്‌ക്കുന്നത്. ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിനെ 177 റണ്‍സില്‍ എറിഞ്ഞൊതുക്കുന്നതില്‍ ജഡേജയുടെ അഞ്ച് വിക്കറ്റ് പ്രകടനം ആതിഥേയര്‍ക്ക് നിര്‍ണായകമായിരുന്നു. തുടര്‍ന്ന് ബാറ്റിങ്ങിലും താരം തിളങ്ങി.
ഏഴാം നമ്പറായി ക്രീസിലെത്തിയ ജഡേജ 70 റണ്‍സാണ് നേടിയത്. ഇത് അഞ്ചാം തവണയാണ് ഒരു ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റിന് പുറമെ അര്‍ധ സെഞ്ചുറിയും ജഡേജ സ്വന്തമാക്കുന്നത്. ഇതോടെ സാക്ഷാല്‍ കപില്‍ ദേവിന്‍റെ റെക്കോഡ് തകര്‍ത്ത് ഏറ്റവും കൂടുതല്‍ തവണ ഈ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരനാവാനും 34കാരന് കഴിഞ്ഞു.