നാഗ്‌പൂര്‍ : ഓസ്‌ട്രേലിയക്കെതിരെ നാഗ്‌പൂര്‍ ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടുന്നതില്‍ മുഹമ്മദ് ഷമിയുടെ ബാറ്റിങ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായിരുന്നു. 10ാം നമ്പറില്‍ ബാറ്റ് ചെയ്യാനെത്തിയ ഷമി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്‌ചവച്ചത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 47 പന്തുകളില്‍ 37 റണ്‍സാണ് നേടിയത്.
മൂന്ന് സിക്‌സും രണ്ട് ഫോറുകളും ഉള്‍പ്പെടുന്നതായിരുന്നു ഷമിയുടെ ഇന്നിങ്‌സ്. ഇതോടെ ടെസ്റ്റ് സിക്‌സുകളുടെ എണ്ണത്തില്‍ സാക്ഷാല്‍ വിരാട് കോലിയെ മറികടന്നിരിക്കുകയാണ് ഷമി. ടെസ്റ്റില്‍ 25 സിക്‌സുകളാണ് ഷമി ഇതുവരെ നേടിയത്.
24 സിക്‌സുകളാണ് കോലിയുടെ അക്കൗണ്ടിലുള്ളത്. ടെസ്റ്റില്‍ ഇന്ത്യക്കുവേണ്ടി ഏറ്റവും സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 16ാമതാണ് ഷമി. മുന്‍ ബാറ്റര്‍ വിരേന്ദർ സെവാഗാണ് പട്ടികയില്‍ തലപ്പത്തുള്ളത്. 104 മത്സരങ്ങളിൽ നിന്ന് 91 സിക്‌സറുകളാണ് സെവാഗ് നേടിയിട്ടുള്ളത്.