കേരളം

kerala

ETV Bharat / sports

'എല്ലാം നിസാരമായി കാണുന്നു, അമിത ആത്മവിശ്വാസവും; രോഹിത്തിനും സംഘത്തിനുമെതിരെ രവി ശാസ്‌ത്രി

ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ഇന്‍ഡോര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് തിരിച്ചടിയായത് അമിത ആത്മവിശ്വാസമെന്ന് മുന്‍ പരിശീലകനും താരവുമായിരുന്ന രവി ശാസ്‌ത്രി.

India vs Australia  Ravi Shastri slams Rohit Sharma  Ravi Shastri  Rohit Sharma  India vs Australia  indore test  രവി ശാസ്‌ത്രി  ഇന്ത്യന്‍ ടീമിനെതിരെ രവി ശാസ്‌ത്രി  രോഹിത് ശര്‍മ  ഇന്‍ഡോര്‍ ടെസ്റ്റ്  ബോര്‍ഡര്‍ ഗാവാസ്‌കര്‍ ട്രോഫി  Border Gavaskar Trophy
രോഹിത്തിനും സംഘത്തിനുമെതിരെ രവി ശാസ്‌ത്രി

By

Published : Mar 4, 2023, 1:40 PM IST

ഇന്‍ഡോര്‍: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍-ഗാവാസ്‌കര്‍ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച ആത്മവിശ്വാസത്തോടെയാണ് മൂന്നാം മത്സരത്തിനായി ഇന്ത്യ ഇന്‍ഡോറില്‍ ഇറങ്ങുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും ഓസീസ് ബാറ്റര്‍മാരെ കടപുഴക്കിയ സ്‌പിന്നര്‍മാരാണ് ഇന്ത്യയ്‌ക്ക് വിജയം സമ്മാനിച്ചത്. എന്നാല്‍ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തിലെ പിച്ചില്‍ ഓസീസ് സ്‌പിന്നര്‍മാര്‍ തിളങ്ങിയതോടെ ഇന്ത്യ കീഴടങ്ങുകയായിരുന്നു.

ഇന്ത്യയുടെ രണ്ട് ഇന്നിങ്‌സുകളില്‍ ഒരു താരത്തിന് മാത്രമാണ് അര്‍ധ സെഞ്ചുറി നേടാന്‍ കഴിഞ്ഞതെന്നത് ബാറ്റിങ്‌ നിരയുടെ മോശം പ്രകടനത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. ഇന്‍ഡോറിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ താരവും പരിശീലകനുമായിരുന്നു രവി ശാസ്‌ത്രി.

അമിത ആത്മവിശ്വാസമാണ് ഇന്‍ഡോറില്‍ ഇന്ത്യയ്‌ക്ക് വിനയായതെന്നാണ് ശാസ്‌ത്രി പറയുന്നത്. "കാര്യങ്ങൾ നിസാരമായി കാണുന്നത് അല്‍പ്പം അസംതൃപ്തിയുള്ള കാര്യമാണ്. അമിത ആത്മവിശ്വാസത്തോടെയിറങ്ങുമ്പോള്‍ ഇതു തന്നെയാവും സംഭവിക്കുക. ഇന്ത്യന്‍ ബാറ്റര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ കളിച്ച ചില ഷോട്ടുകള്‍ നോക്കാം...

അവ ഇത്തരം സാഹചര്യങ്ങള്‍ക്ക് യോജിക്കാത്തതായിരുന്നു. സാഹചര്യങ്ങള്‍ അനുകൂലമാക്കാനും ആധിപത്യം സ്ഥാപിക്കാനുള്ള അമിത വ്യഗ്രതയാണ് അത്തരം ഷോട്ടുകള്‍ കളിക്കാന്‍ പ്രേരിപ്പിക്കുന്നത്. അമിത ആത്മവിശ്വാസമാണ് അതിന് പിന്നില്‍.

ചില ചുവടുകള്‍ പിന്നിലേക്ക് വച്ച് ഇന്ത്യ കാര്യങ്ങള്‍ ഒന്നുകൂടി വിശകലനം ചെയ്യേണ്ടതുണ്ട്" ഓസീസിന്‍റെ വിജയത്തിന് ശേഷം രവി ശാസ്‌ത്രി പറഞ്ഞു. ഇന്‍ഡോറില്‍ ഒമ്പത് വിക്കറ്റിന്‍റെ തോല്‍വിയാണ് ആതിഥേയര്‍ വഴങ്ങിയിരുന്നത്. ഇന്ത്യ ഉയര്‍ത്തിയ 76 റണ്‍സ് വിജയ ലക്ഷ്യം ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 78 റണ്‍സെടുത്താണ് ഓസ്‌ട്രേലിയ മറികടന്നത്.

മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നേടിയ 109 റണ്‍സിന് മറുപടിക്കിറങ്ങിയ ഓസീസ് 197 റണ്‍സ് എടുത്തിരുന്നു. ഇതോടെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 88 റണ്‍സിന്‍റെ ലീഡ് വഴങ്ങി. തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിന് ഇറങ്ങിയ ആതിഥേയര്‍ 163 റണ്‍സിന് പുറത്താവുകയായിരുന്നു.

എട്ട് വിക്കറ്റ് വീഴ്‌ത്തിയ ഓസീസ് സ്‌പിന്നര്‍ നഥാന്‍ ലിയോണാണ് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയെ ചുരുട്ടിക്കൂട്ടിയത്. അര്‍ധ സെഞ്ചുറി നേടിയ ചേതേശ്വര്‍ പുജാരയ്‌ക്ക് മാത്രമാണ് ഒരല്‍പ്പമെങ്കിലും പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞത്. ഇന്‍ഡോറില്‍ തോല്‍വി വഴങ്ങിയെങ്കിലും നാല് മത്സര പരമ്പരയില്‍ 2-1ന് ഇന്ത്യ മുന്നിലാണ്.

ഈ മാസം ഒമ്പതിന് അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. അഹമ്മദാബാദില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ മറ്റ് ടീമുകളുടെ ഫലങ്ങളെ ആശ്രയിക്കാതെ തന്നെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലുറപ്പിക്കാന്‍ രോഹിത് ശര്‍മയ്‌ക്കും സംഘത്തിനും കഴിയും. നിലവിലെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയ ഇന്‍ഡോറിലെ വിജയത്തോടെ ചാമ്പ്യന്‍ഷിപ്പിന്‍റെ ഫൈനലുറപ്പിച്ചിരുന്നു. പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

അതേസമയം സ്‌പിന്നര്‍മാര്‍ക്കെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടം അങ്ങേയറ്റം മോശമായിരിക്കുന്നുവെന്ന് മുന്‍ താരം ആകാശ് ചോപ്ര ചൂണ്ടിക്കാട്ടിയിരുന്നു. സ്‌പിന്നര്‍മാര്‍ക്കെതിരായ ഇന്ത്യന്‍ ബാറ്റര്‍മാരുടെ പ്രകടനം ഇതുപോലെയാവുകയാണെങ്കില്‍, ടീമിന്‍റെ അവസ്ഥ കഷ്‌ടമാവും. 2021 മുതല്‍ സ്പിന്നിനെതിരെ മുഴുവൻ ഇന്ത്യൻ ടീമിന്‍റെയും ശരാശരി കുറഞ്ഞുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

ALSO READ:'കാര്യങ്ങള്‍ ഇങ്ങനെയെങ്കില്‍ ടീമിന് ഗുണം ചെയ്യില്ല'; തുറന്നടിച്ച് ആകാശ് ചോപ്ര

ABOUT THE AUTHOR

...view details