മുംബൈ: ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന പരമ്പരയ്‌ക്ക് നാളെ (17-3-2023) തുടക്കം. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിൽ ഉച്ചയ്‌ക്ക് ഒരു മണിക്കാണ് മത്സരം. ടെസ്റ്റ് പരമ്പരയിലെ മികച്ച വിജയത്തിന്‍റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ നാളെ ഒന്നാം അങ്കത്തിനിറങ്ങുന്നത്. എന്നാൽ ഏകദിന പരമ്പരയിലുടെ ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടുകയാകും ഓസ്‌ട്രേലിയയുടെ ലക്ഷ്യം.
അതേസമയം ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ നായകൻ രോഹിത് ശർമ കളിക്കില്ല. കുടുംബപരമായ ചില കാരണങ്ങളാൽ താരം പിൻമാറി എന്നാണ് വൃത്തങ്ങൾ അറിയിച്ചിട്ടുള്ളത്. ഇതോടെ ഹാർദിക് പാണ്ഡ്യയുടെ കീഴിലാകും ഇന്ത്യ ആദ്യ ഏകദിനത്തിനിറങ്ങുക. അതേസമയം ഓസ്‌ട്രേലിയയും സ്ഥിരം നായകൻ പാറ്റ് കമ്മിൻസിന്‍റെ അഭാവത്തിൽ സ്റ്റീവ് സ്‌മിത്തിന്‍റെ കീഴിലാകും ഒന്നാം ഏകദിനത്തിനിറങ്ങുക.
രോഹിത് ശർമയുടെ അഭാവത്തിൽ മികച്ച ഫോമിൽ കളിക്കുന്ന ശുഭ്‌മാൻ ഗില്ലിനൊപ്പം ഇഷാൻ കിഷൻ ഇന്ത്യയുടെ ഓപ്പണറായി എത്തിയേക്കും. നടുവിനേറ്റ പരിക്കിനെത്തുടർന്ന് പരമ്പരയിൽ നിന്ന് പുറത്തായ ശ്രേയസ് അയ്യർക്ക് പകരം സൂര്യകുമാർ യാദവ് പ്ലേയിങ് ഇലവനിൽ ഇടം നേടും. കൂടാതെ മാസങ്ങൾക്ക് ശേഷം ഏകദിന ടീമിലേക്ക് സൂപ്പർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയുടെ മടങ്ങി വരവിനും നാളെ വാംഖഡെ സ്റ്റേഡിയം സാക്ഷ്യം വഹിക്കും.
റണ്ണൊഴുകും പിച്ച്:ബാറ്റിങ്ങിനെ തുണയ്‌ക്കുന്ന വാംഖഡെയിലെ പിച്ചിൽ റണ്ണൊഴുകുമെന്നാണ് വിലയിരുത്തൽ. രാത്രിയിൽ ചെറിയ രീതിയിൽ മഞ്ഞുവീഴ്‌ച ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ ടോസ് നേടുന്ന ടീം എതിർ ടീമിനെ ബോളിങ്ങിനയക്കാനാണ് സാധ്യത. വാംഖഡെയിൽ നടന്ന അവസാന ഏകദിനത്തിൽ ഓസ്‌ട്രേലിയ ഇന്ത്യക്കെതിരെ പത്ത് വിക്കറ്റിന്‍റെ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു.