മുംബൈ:വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ആദ്യ ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യയ്‌ക്ക് അഞ്ച് വിക്കറ്റ് ജയം. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യം പത്ത് ഓവര്‍ ബാക്കിനില്‍ക്കെയാണ് ആതിഥേയര്‍ മറികടന്നത്. മറുപടി ബാറ്റിങ്ങില്‍ തുടക്കത്തില്‍ തന്നെ തകര്‍ന്ന ഇന്ത്യയെ കെഎല്‍ രാഹുലും ജഡേജയും ചേര്‍ന്നാണ് വിജയതീരത്ത് എത്തിച്ചത്.
ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഇരുവരും 108 റണ്‍സ് കൂട്ടുകെട്ട് ഉണ്ടാക്കിയാണ് ഇന്ത്യയ്‌ക്ക് ജയം സമ്മാനിച്ചത്. രാഹുല്‍ 91 പന്തില്‍ ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 75 റണ്‍സ് എടുത്തു. ജഡേജ 69 പന്തില്‍ അഞ്ച് ഫോറിന്‍റെ അകമ്പടിയോടെ 45 റണ്‍സും നേടി.
ഓസീസിനെതിരായ ടെസ്റ്റില്‍ പരാജയമായിരുന്ന രാഹുല്‍ ഇന്നത്തെ കളിയില്‍ മധ്യനിരയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്‌ചവച്ചത്. ശ്രദ്ധയോടെ ബാറ്റേന്തിയ രാഹുല്‍ ഒരറ്റത്ത് ഉറച്ചുനിന്നതോടെ തുടക്കത്തില്‍ തകര്‍ത്തടിഞ്ഞ ഇന്ത്യ മത്സരം പിടിച്ചെടുക്കുകയായിരുന്നു. രാഹുലിന് മികച്ച പിന്തുണയാണ് ജഡേജ നല്‍കിയത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും മിന്നും പ്രകടനം നടത്തിയ ജഡേജ ആദ്യ ഏകദിനത്തിലും അതാവര്‍ത്തിച്ചു.
രാഹുലിനും ജഡേജയ്‌ക്കും പുറമെ ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ(25), ശുഭ്‌മാന്‍ ഗില്‍(20) തുടങ്ങിയവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ഓപ്പണറായി ഇറങ്ങിയ ഇഷാന്‍ കിഷന്‍ (3), മൂന്നാമനായി ഇറങ്ങിയ വിരാട് കോലി(4), നാലാമന്‍ സൂര്യകുമാര്‍ യാദവ്(0) എന്നിവര്‍ ഇത്തവണ നിരാശപ്പെടുത്തി. ഓസീസ് നിരയില്‍ മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നും മാര്‍കസ് സ്റ്റോയിനസ് രണ്ട് വിക്കറ്റും വീഴ്‌ത്തി.
നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കായി ഓപ്പണറായി ഇറങ്ങിയ മിച്ചല്‍ മാര്‍ഷ് അര്‍ധസെഞ്ച്വറി നേടി. 65 പന്തുകളില്‍ നിന്ന് 10 ഫോറുകളുടെയും അഞ്ച് സിക്‌സുകളുടെയും അകമ്പടിയോടെയാണ് മാര്‍ഷ് 81 റണ്‍സ് എടുത്തത്. ക്യാപ്‌റ്റന്‍ സ്റ്റീവ് സ്‌മിത്ത് (22), ജോഷ് ഇഗ്ലിസ്(26), ലബുഷെയ്‌ന്‍(15), ഗ്രീന്‍(12), എന്നിവരൊഴികെ മറ്റാര്‍ക്കും ഓസീസ് നിരയില്‍ കാര്യമായ സംഭാവനകള്‍ നല്‍കാന്‍ കഴിഞ്ഞില്ല. ഓസീസ് നിര 35.4 ഓവറിലാണ് 188 റണ്‍സിന് ഓള്‍ഔട്ടായത്.
ഇന്ത്യയ്‌ക്കായി ഫാസ്റ്റ് ബൗളര്‍മാരാണ് മത്സരത്തില്‍ തിളങ്ങിയത്. മൂന്ന് വിക്കറ്റുകള്‍ വീതം നേടിയ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും കങ്കാരുകളെ വെളളം കുടിപ്പിച്ചു. ബാറ്റിങ്ങിന് പുറമെ രണ്ട് വിക്കറ്റ് നേടി ജഡേജ ബോളിങ്ങിലും തിളങ്ങി. ജഡേജ തന്നെയാണ് ആദ്യ ഏകദിനത്തില്‍ പ്ലെയര്‍ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ടത്.
മാര്‍ച്ച് 19ന് വിശാഖപട്ടണത്തെ ഡോ. വൈഎസ് രാജശേഖര റെഡ്ഡി സ്റ്റേഡിയത്തിലാണ് രണ്ടാം ഏകദിനം. മൂന്നാം മത്സരം ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ മാര്‍ച്ച് 22നും നടക്കും. ടെസ്റ്റ് പരമ്പര തോറ്റ ഓസ്‌ട്രേലിയയ്‌ക്ക് അടുത്ത രണ്ട് കളികള്‍ നിര്‍ണായകമാണ്. ഒന്നാം ഏകദിനത്തില്‍ കളിക്കാതിരുന്ന ക്യാപ്‌റ്റന്‍ രോഹിത് ശര്‍മ രണ്ടാം ഏകദിനത്തില്‍ ടീമിനൊപ്പം ചേരും.