സിഡ്‌നി: ഇന്ത്യയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ തോല്‍വിയാണ് ഓസ്‌ട്രേലിയ വഴങ്ങിയത്. നാഗ്‌പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്നിങ്‌സിനും 132 റണ്‍സിനും കീഴടങ്ങിയ ഓസീസ് ഡല്‍ഹിയില്‍ നടന്ന രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിനാണ് തോല്‍വി സമ്മതിച്ചത്. ഇതോടെ നാല് മത്സര പരമ്പരയിലെ ബാക്കിയുള്ള രണ്ട് കളികള്‍ ഓസീസിന് അഭിമാനപ്പോരാട്ടമാണ്.
മാര്‍ച്ച് ഒന്നിന് ഇന്‍ഡോറിലും മാർച്ച് ഒമ്പതിന് അഹമ്മദാബാദിലുമാണ് പരമ്പരയിലെ അവസാന മത്സരങ്ങള്‍ ആരംഭിക്കുക. ഇതിന് മുന്നോടിയായി ഓസ്‌ട്രേലിയയുടെ മോശം പ്രകടനത്തിന്‍റെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റന്‍ ഗ്രെഗ് ചാപ്പൽ. സ്‌പിന്നർമാരെ തെരഞ്ഞെടുക്കുന്നത് ഇന്ത്യയിൽ വിജയിക്കാനുള്ള വഴിയല്ലെന്നാണ് അദ്ദേഹം പറയുന്നത്.
പരമ്പരയില്‍ ഒപ്പമെത്താന്‍ ഓസ്‌ട്രേലിയ തങ്ങളുടെ ശക്തിയിൽ ഉറച്ച് നിന്ന് കളിക്കേണ്ടതുണ്ടെന്നും ഇന്ത്യയുടെ മുന്‍ പരിശീലകന്‍ കൂടിയായ ചാപ്പൽ പറഞ്ഞു. "മുഖത്ത് ഇടികൊള്ളുന്നത് വരെ എല്ലാവർക്കും ഒരു പദ്ധതിയുണ്ടെന്നാണ് ഇവാൻഡർ ഹോളിഫീൽഡുമായുള്ള മത്സരത്തിന് മുന്നോടിയായി മൈക്ക് ടൈസൺ പറഞ്ഞത്.
ആദ്യ രണ്ട് ടെസ്റ്റുകൾ കണ്ടതിന് ശേഷമുള്ള എന്‍റെ ആശങ്ക, മത്സരത്തിലെ ആദ്യ പന്ത് എറിയുന്നതിന് വളരെ മുമ്പുതന്നെ ഓസ്‌ട്രേലിയൻ ടീം സ്വന്തം മുഖത്ത് ഇടിക്കുകയാണെന്നാണ്. ആസൂത്രണം ചെയ്യുക എന്നത് ഒരു കാര്യമാണ്, എന്നാൽ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് മാറാതെ ഒരേ പദ്ധതിയില്‍ തുടരുന്നത് വ്യർഥമായ വ്യായാമമാണ്", ചാപ്പൽ പറഞ്ഞു.
പേസര്‍മാരെ കളിപ്പിക്കണം:"ഈ പരമ്പരയില്‍ ഒപ്പമെത്താന്‍ തങ്ങളുടെ ശക്തിയില്‍ ഉറച്ച് നിന്നാണ് ഓസ്‌ട്രേലിയ കളിക്കേണ്ടത്. സ്‌പിൻ ബോളിങ്ങല്ല ഓസീസിന്‍റെ ശക്തി. കൂടുതല്‍ സ്‌പിന്നർമാരെ തെരഞ്ഞെടുക്കുന്നത് ഇന്ത്യയിൽ വിജയത്തിലേക്കുള്ള വഴിയല്ല.