കറാച്ചി : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ കെഎല്‍ രാഹുലിനെ പുറത്തിരുത്തിയാണ് ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്ത് ശുഭ്‌മാന്‍ ഗില്ലിന് അവസരം നല്‍കിയത്. ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച കെഎല്‍ രാഹുലിന് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ബാറ്റ് ചെയ്‌ത മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി ആകെ 38 റണ്‍സ് മാത്രമാണ് 33കാരനായ രാഹുല്‍ നേടിയത്.
തന്‍റെ അവസാനത്തെ 10 ഇന്നിങ്‌സുകളില്‍ 25 റണ്‍സിനപ്പുറം നേടാന്‍ രാഹുലിന് കഴിഞ്ഞിട്ടില്ല. സമീപകാലത്തായി താരം മോശം ഫോമിലാണെന്ന കാര്യത്തെ അടിവരയിടുന്ന കണക്കാണിത്. മറുവശത്ത് ഓസീസിനെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുന്നേ ശ്രീലങ്കയ്‌ക്കും ന്യൂസിലന്‍ഡിനും എതിരെ നടന്ന വൈറ്റ് ബോള്‍ പരമ്പരയില്‍ മിന്നും പ്രകടനമായിരുന്നു ഗില്‍ നടത്തിയിരുന്നത്.
ന്യൂസിലന്‍ഡിനെതിരെ റെക്കോഡ് ഡബിള്‍ സെഞ്ചുറിയടക്കം നേടിയാണ് 23കാരനായ ഗില്‍ തിളങ്ങിയിരുന്നത്. ഇതോടെ രാഹുലിനെ പുറത്തിരുത്തി ഗില്ലിന് അവസരം നല്‍കണമെന്ന ആവശ്യങ്ങള്‍ ഏറെ ശക്തമായിരുന്നു. എന്നാല്‍ ഇന്‍ഡോറില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ ഗില്ലിന് കഴിഞ്ഞിരുന്നില്ല.
ആദ്യ ഇന്നിങ്‌സില്‍ 21 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് റണ്‍സും മാത്രമാണ് ഗില്ലിന് നേടാന്‍ കഴിഞ്ഞത്. ഇതിന് പിന്നാലെ താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ സ്‌പിന്നര്‍ ഡാനിഷ് കനേരിയ. തന്‍റെ ഷോട്ട് സെലക്ഷനില്‍ ഗില്‍ ഏറെ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്നാണ് കനേരിയ പറയുന്നത്.
"ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ രണ്ട് ഇന്നിങ്‌സുകളിലും നിരാശാജനകമായ പ്രകടനമാണ് ശുഭ്‌മാന്‍ ഗില്‍ നടത്തിയത്. ഇതോടെ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലെ അവന്‍റെ സ്ഥാനവും ഭീഷണിയിലാണ്. രണ്ടാം ഇന്നിങ്‌സില്‍ അവന്‍ പുറത്തായ രീതിയില്‍ പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു.