നാഗ്‌പൂര്‍ :ഓസ്‌ട്രേലിയയ്‌ക്കെതിരായ നാഗ്‌പൂര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് 223 റണ്‍സിന്‍റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നേടിയ 177 റണ്‍സിന് മറുപടിക്കിറങ്ങിയ ആതിഥേയര്‍ 400 റണ്‍സ് നേടിയാണ് പുറത്തായത്. സെഞ്ചുറി നേടിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
212 പന്തില്‍ 120 റണ്‍സാണ് രോഹിത് അടിച്ചെടുത്തത്. അര്‍ധ സെഞ്ചുറി നേടിയ അക്‌സര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരും നിര്‍ണായകമായി. ഏഴ് വിക്കറ്റുകള്‍ വീഴ്‌ത്തിയ അരങ്ങേറ്റക്കാരന്‍ ടോഡ് മര്‍ഫി ഓസീസിനായി തിളങ്ങി.
മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്ന് ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് പുനരാരംഭിച്ചത്. അക്‌സര്‍ പട്ടേലും രവീന്ദ്ര ജഡേയുമാണ് ക്രീസിലുണ്ടായിരുന്നത്. എന്നാല്‍ തുടക്കം തന്നെ ഇന്ത്യയ്‌ക്ക് ജഡേജയെ നഷ്‌ടമായി.
185 പന്തില്‍ 70 റണ്‍സെടുത്ത താരത്തെ മര്‍ഫി ബോള്‍ഡാക്കുകയായിരുന്നു. എട്ടാം വിക്കറ്റില്‍ അക്‌സറിനോടൊപ്പം 88 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയാണ് ജഡേജ മടങ്ങിയത്. തുടര്‍ന്നെത്തിയ മുഹമ്മദ് ഷമി കൂടുതല്‍ ആക്രമിച്ച് കളിച്ചതോടെ ഇന്ത്യയുടെ സ്‌കോറിങ്ങിന് വേഗം വച്ചു. എന്നാല്‍ ഷമിയെ മര്‍ഫി വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയുടെ കയ്യിലെത്തിച്ചു.
47 പന്തില്‍ രണ്ട് ഫോറുകളും മൂന്ന് സിക്‌സും സഹിതം 37 റണ്‍സാണ് ഷമി നേടിയത്. ഒമ്പതാം വിക്കറ്റില്‍ ഷമിയും അക്‌സറും ചേര്‍ന്ന് 52 റണ്‍സാണ് നേടിയത്. 10ാം വിക്കറ്റായാണ് അക്‌സര്‍ തിരിച്ച് കയറിയത്. പാറ്റ് കമ്മിന്‍സിന്‍റെ പന്തില്‍ താരം ബൗള്‍ഡാവുകയായിരുന്നു. 174 പന്തില്‍ 84 റണ്‍സാണ് അക്‌സര്‍ നേടിയത്. മുഹമ്മദ് സിറാജ് (1*) പുറത്താവാതെ നിന്നു.
മത്സരത്തിന്‍റെ രണ്ടാം ദിനമായ ഇന്നലെയാണ് രോഹിത്തിന്‍റെ സെഞ്ചുറി പിറന്നത്. ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 77 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ചത്. നൈറ്റ് വാച്ച്‌മാന്‍ ആര്‍ അശ്വിന്‍റെ വിക്കറ്റാണ് ആതിഥേയര്‍ക്ക് ആദ്യം നഷ്‌ടമായത്.