ചെന്നൈ: ഇന്ത്യക്കെതിരായ മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി ഓസ്‌ട്രേലിയ. ചെന്നൈയിൽ നടന്ന നിർണായകമായ അവസാന ഏകദിനത്തിൽ 21 റണ്‍സിന്‍റെ വിജയമാണ് ഓസ്‌ട്രേലിയ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയുടെ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്ക് 49.1 ഓവറിൽ 248 റണ്‍സേ നേടാനായുള്ളൂ. നാല് വിക്കറ്റ് വീഴ്‌ത്തിയ ആദം സാംപയാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകർത്തത്. ഇന്ത്യൻ നിരയിൽ 54 റണ്‍സെടുത്ത വിരാട് കോലിക്കും 40 റണ്‍സ് നേടിയ ഹാർദിക് പാണ്ഡ്യക്കും മാത്രമേ തിളങ്ങാനായുള്ളൂ.
ആദ്യം ബാറ്റ് ചെയ്‌ത ഓസീസിന്‍റെ 270 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയ്ക്കായി ഓപ്പണർമാരായ നായകൻ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് ആദ്യ വിക്കറ്റിൽ 65 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ രോഹിത് ശർമയെ പുറത്താക്കി സീൻ ആബോട്ട് ഈ കൂട്ടുകെട്ട് പൊളിച്ചു. പുറത്താകുമ്പോൾ 17 പന്തിൽ രണ്ട് വീതം സിക്‌സും ഫോറും ഉൾപ്പടെ 30 റണ്‍സായിരുന്നു രോഹിത് നേടിയിരുന്നത്.
തൊട്ടുപിന്നാലെ തന്നെ ശുഭ്‌മാൻ ഗില്ലിനെയും (37) ഇന്ത്യക്ക് നഷ്‌ടമായി. തുടർന്ന് ക്രീസിലെത്തിയ വിരാട് കോലിയും കെഎൽ രാഹുലും ചേർന്ന് സ്‌കോർ ഉയർത്തി. ഇരുവരും ചേർന്ന് 69 റണ്‍സിന്‍റെ നിർണായക കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. എന്നാൽ ടീം സ്‌കോർ 146ൽ നിൽക്കെ, മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന കെഎൽ രാഹുലിനെ ആദം സാംപ പുറത്താക്കി. 50 പന്തിൽ ഒരു സിക്‌സും രണ്ട് ഫോറും ഉൾപ്പെടെ 32 റണ്‍സായിരുന്നു താരം നേടിയിരുന്നത്.
തുടർന്ന് സ്ഥാനക്കയറ്റം കിട്ടി അക്‌സർ പട്ടേൽ (2) ക്രീസിലെത്തിയെങ്കിലും റണ്ണൗട്ടിന്‍റെ രൂപത്തിൽ താരം പുറത്തായി. പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യയും വിരാട് കോലിയും ചേർന്ന് ഇന്ത്യൻ സ്കോറിങ് വേഗത്തിലാക്കി. ഇതിനിടെ മികച്ച രീതിയിൽ ബാറ്റ് വീശുകയായിരുന്ന കോലിയെ പുറത്താക്കി ആഷ്‌ടൻ ആഗർ ഇന്ത്യയെ ഞെട്ടിച്ചു. 72 പന്തിൽ രണ്ട് ഫോറും ഒരു സിക്‌സും ഉൾപ്പടെ 54 റണ്‍സായിരുന്നു താരം സ്വന്തമാക്കിയത്.
വീണ്ടും ഡക്കായി സൂര്യകുമാർ: കോലി പുറത്തായതിനേക്കാൾ ഇന്ത്യ ഞെട്ടിയത് കോലിക്ക് പിന്നാലെ ക്രീസിലെത്തി ആദ്യ പന്തിൽ തന്നെ വെടിക്കെട്ട് ബാറ്റർ സൂര്യകുമാർ യാദവ് പുറത്തായതോടെയാണ്. ആഷ്‌ടണ്‍ ആഗറിന്‍റെ പന്തിൽ താരം ക്ലീൻ ബൗൾഡാവുകയായിരുന്നു. ഇതോടെ പരമ്പരയിലെ മൂന്ന് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായി എന്ന നാണക്കേടിന്‍റെ നേട്ടവും സൂര്യകുമാർ സ്വന്തമാക്കി.
സുര്യകുമാറിന് പിന്നാലെ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ ഹാർദിക്കിന് മികച്ച പിന്തുണ നൽകി ക്രീസിൽ ഉറച്ചുനിന്നു. ജഡേജയുടെ പിന്തുണ കൂടിയായതോടെ ഹാർദിക് തകർത്തടിച്ച് തുടങ്ങി. ഇരുവരും ചേർന്ന് ടീം സ്‌കോർ 200 കടത്തി. ഇന്ത്യ വിജയത്തിലേക്ക് നീങ്ങിത്തുടങ്ങി എന്ന് തോന്നിച്ച നിമിഷം. എന്നാൽ ഇന്ത്യയുടെ എല്ലാ പ്രതീക്ഷകളും തകർത്തുകൊണ്ട് ഹാർദിക് പാണ്ഡ്യയെ ആദം സാംപ പുറത്താക്കി. 40 പന്തിൽ മൂന്ന് ഫോറും ഒരു സിക്‌സും ഉൾപ്പടെ 40 റണ്‍സ് നേടിയ താരത്തെ സാംപ സ്‌മിത്തിന്‍റെ കൈകളിൽ എത്തിക്കുകയായിരുന്നു.
ഇതോടെ ഇന്ത്യയെ വിജയിപ്പിക്കേണ്ട ചുമതല രവീന്ദ്ര ജഡേജയുടെ കൈകളിലായി. പക്ഷേ ജഡേജയേയും സ്റ്റോയിൻസിന്‍റെ കൈകളിലെത്തിച്ച് ആദം സാംപ ഇന്ത്യയുടെ അവസാന പ്രതീക്ഷയും തകർത്തു. പിന്നാലെ കുൽദീപ് യാദവ് (6), മുഹമ്മദ് ഷമി (14), എന്നിവരും പുറത്തായി. മുഹമ്മദ് സിറാജ് 3 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസ്‌ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആഷ്‌ടണ്‍ ആഗർ രണ്ട് വിക്കറ്റ് നേടി. സ്റ്റോയിൻസ്, ആബോട്ട് എന്നിവർ ഓരോ വിക്കറ്റും വീഴ്‌ത്തി.
ALSO READ:ഐസിസി റാങ്കിങ് : ഏകദിന ബോളര്‍മാരില്‍ ഒന്നാംസ്ഥാനം നഷ്‌ടമായി മുഹമ്മദ് സിറാജ്, ടെസ്റ്റ് റാങ്കിങ്ങില്‍ രോഹിത് ആദ്യ പത്തില്‍ നിന്ന് പുറത്ത്
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ 47 റണ്‍സ് നേടിയ മിച്ചൽ മാർഷിന്‍റെയും, 38 റണ്‍സ് നേടിയ അലക്‌സ് കാരിയുടേയും, 33 റണ്‍സുമായി ട്രാവിസ് ഹെഡിന്‍റെയും മികവിലാണ് മികച്ച നിലയിലെത്തിയത്. ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 138 റണ്‍സ് എന്ന നിലയിലേക്ക് വീണ ഓസ്‌ട്രേലിയ പിന്നീട് മത്സരത്തിലേക്ക് ശക്‌തമായി തിരിച്ചു വരികയായിരുന്നു.