ബെംഗളൂരു:ഇന്ത്യ ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ (India vs Australia T20I Series) അവസാന മത്സരം ഇന്ന് (ഡിസംബര്‍ 3). ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് കളി തുടങ്ങുന്നത്. ജയത്തോടെ പരമ്പര അവസാനിപ്പിക്കാനാണ് ടീം ഇന്ത്യ ഇന്നിറങ്ങുന്നത് (India vs Australia 5th T20I Match Preview).
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടീം ഇന്ത്യ നേരത്തെ തന്നെ സ്വന്തമാക്കിയതാണ്. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നിലും ജയിക്കാന്‍ ഇന്ത്യയ്‌ക്കായിരുന്നു. വിശാഖപട്ടണം, തിരുവനന്തപുരം, റായ്‌പൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്ത്യന്‍ യുവസംഘം കങ്കാരുപ്പടയെ വീഴ്‌ത്തിയത്.
മറുവശത്ത്, ഗുവാഹത്തിയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ സെഞ്ച്വറിക്കരുത്തിലായിരുന്നു ഓസ്‌ട്രേലിയ ജയിച്ചത്. പരമ്പര കൈവിട്ടതിന്‍റെ ക്ഷീണം മാറ്റി ഇന്ന് നടക്കാനിരിക്കുന്ന അവസാന മത്സരം ജയിച്ച് മടങ്ങാനായിരിക്കും ഓസീസ് ശ്രമിക്കുന്നത്.
യുവ ബാറ്റര്‍മാരുടെ തകര്‍പ്പന്‍ ഫോമാണ് ടീം ഇന്ത്യയുടെ കരുത്ത്. സൂര്യയും ശ്രേയസും പരാജയപ്പെട്ടാലും കളി തങ്ങളുടെ വരുതിയിലാക്കാന്‍ സാധിക്കുമെന്ന് അവസാന മത്സരത്തില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ കാട്ടിതന്നതാണ്. യശസ്വി ജയ്‌സ്വാള്‍, റിതുരാജ് ഗെയ്‌ക്‌വാദ് സഖ്യം നല്‍കുന്ന തുടക്കവും റിങ്കു സിങ്ങിന്‍റെ ഫിനിഷിങ്ങ് മികവും ഓസീസിനെ വെല്ലുവിളിക്കാന്‍ പോന്നതാണ്.
ബൗളര്‍മാര്‍ തല്ലുവാങ്ങി കൂട്ടുന്നത് മാത്രമാണ് ടീമിന് ആശങ്ക. റണ്‍സ് ഒഴുകുന്ന ചിന്നസ്വാമിയിലും ഇതിന് മാറ്റമുണ്ടാകാന്‍ സാധ്യതയില്ല. അതേസമയം, പരമ്പര സ്വന്തമാക്കിയ സാഹചര്യത്തില്‍ ഇന്ത്യ ഇന്ന് പ്ലെയിങ് ഇലവനിലും മാറ്റം വരുത്തിയേക്കാം.