ബെംഗളൂരു: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പരയിലെ അവസാനത്തേയും അഞ്ചാമത്തേയും മത്സരത്തിലും ജയം ഇന്ത്യക്കൊപ്പം. അഞ്ച് കളികളിൽ നാലും സ്വന്തമാക്കിയാണ് ഇന്ത്യയുടെ പരമ്പര നേട്ടം. അവസാന മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഇന്നിങ്‌സ് 8 വിക്കറ്റ് നഷ്‌ടത്തിൽ 154 റൺസിൽ അവസാനിച്ചു. ഇതോടെ 6 റൺസിനാണ് ഇന്ത്യ ജയിച്ചത്. അവസാന മത്സരമെങ്കിലും ജയിച്ച് നാട്ടിലേക്ക് മടങ്ങാനുള്ള ഓസീസ് മോഹമാണ് തോൽവിയോടെ പൊലിഞ്ഞത്.
ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഇന്ത്യ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 37 പന്തില്‍ 53 റൺസെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്. ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്‌ക്‌വാദും പെട്ടെന്ന് മടങ്ങി. 15 പന്തില്‍ 21 റണ്‍സെടുത്താണ് ജയ്‌സ്വാള്‍ മടങ്ങിയത്. പിന്നാലെ 12 പന്തില്‍ 10 റണ്‍സെടുത്ത് ഗെയ്‌ക്‌വാദും മടങ്ങി.
ശ്രേയസ് ഒഴികെ ക്രീസിലെത്തിയ ആർക്കും അർദ്ധ സെഞ്ചുറിയിലേക്കുപോലും എത്താനായില്ല. രണ്ടക്കം കടക്കാതെയാണ് ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും റിങ്കു സിങ്ങും പിൻവാങ്ങിയത്. ഓസ്‌ട്രേലിയക്കുവേണ്ടി ജെയ്‌സണ്‍ ബെഹ്റെൻഡോർഫും ബെന്‍ ഡ്വാര്‍ഷിസും രണ്ടുവീതം വിക്കറ്റുകള്‍ നേടി. ആരോണ്‍ ഹാർഡിയും തന്‍വീര്‍ സംഘയും നഥാന്‍ എല്ലിസും ഓരോ വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് ആദ്യ ഏഴ് ഓവറുകള്‍ക്കിടെ തന്നെ മൂന്ന് വിക്കറ്റുകള്‍ നഷ്‌ടമായിരുന്നു.