ഗുവാഹത്തി : ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ടി20 പരമ്പര പിടിക്കാന്‍ ഇന്ത്യന്‍ യുവനിര നാളെയിറങ്ങുന്നു (India vs Australia 3rd T20I Preview). മൂന്നാം ടി20 നാളെ ഗുവാഹത്തിയിലെ ബർസാപര സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് ഏഴുമണിക്കാണ് മത്സരം തുടങ്ങുക. അഞ്ച് മത്സര പരമ്പരയിലെ കളിച്ച രണ്ട് ടി20കളും വിജയിച്ച ആതിഥേയര്‍ നിലവില്‍ 2-0ന് മുന്നിലാണ്.
ഗുവാഹത്തിയില്‍ ജയിച്ച് കയറാന്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ രണ്ട് മത്സരം ശേഷിക്കെ തന്നെ ഇന്ത്യയ്‌ക്ക് പരമ്പര സ്വന്തമാക്കാം. വിശാഖപട്ടണത്ത് നടന്ന ആദ്യ ടി20യില്‍ രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ കളി പിടിച്ചത്. ഇന്നലെ തിരുവനന്തപുരത്ത് അരങ്ങേറിയ രണ്ടാം ടി20യില്‍ 44 റണ്‍സുകള്‍ക്കായിരുന്നു ആതിഥേയരുടെ വിജയം.
യശസ്വി ജയ്‌സ്വാള്‍ (25 പന്തില്‍ 53), റിതുരാജ് ഗെയ്‌ക്‌വാദ് (43 പന്തില്‍ 58), ഇഷാന്‍ കിഷന്‍ (32 പന്തില്‍ 52) എന്നിവരുടെ അര്‍ധ സെഞ്ചുറിക്കൊപ്പം 9 പന്തില്‍ 31 റണ്‍സടിച്ച് പുറത്താവാതെ നിന്ന റിങ്കു സിങ്ങിന്‍റെ നിറഞ്ഞാട്ടത്തിന്‍റേയും മികവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 235 റണ്‍സായിരുന്നു ഇന്ത്യ അടിച്ച് കൂട്ടിയത്. 10 പന്തില്‍ 19 റണ്‍സുമായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും രണ്ട് പന്തില്‍ 7 റണ്‍സുമായി തിലക് വര്‍മയും ടീമിന് നിര്‍ണായകമാവുകയും ചെയ്‌തു.
നാളെ ഗുവാഹത്തിയിലിറങ്ങുമ്പോഴും ഇവരുടെ പ്രകടനത്തില്‍ ഇന്ത്യയ്‌ക്ക് വമ്പന്‍പ്രതീക്ഷയാണുള്ളത്. മറുപടിക്കിറങ്ങിയ ഓസീസിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റിന് 191 റണ്‍സെടുക്കാനാണ് സാധിച്ചത്. മാര്‍ക്കസ് സ്റ്റോയിനിസ് (25 പന്തില്‍ 45), ടിം ഡേവിഡ് (22 പന്തില്‍ 37), ക്യാപ്റ്റന്‍ മാത്യു വെയ്‌ഡ് (23 പന്തില്‍ 42*) എന്നിവരാണ് സന്ദര്‍ശകരുടെ ടോട്ടലില്‍ നിര്‍ണായകമായത്.