രാജ്‌കോട്ട്: ഇന്ത്യയ്‌ക്ക് എതിരായ മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് മികച്ച സ്‌കോര്‍. രാജ്‌കോട്ടിലെ റണ്ണൊഴുകും പിച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 352 റണ്‍സാണ് നേടിയത് (India vs Australia 3rd ODI Score updates). 84 പന്തുകളില്‍ 96 റണ്‍സെടുത്ത മിച്ചല്‍ മാര്‍ഷാണ് (Mitchell Marsh) ടീമിന്‍റെ ടോപ് സ്‌കോറര്‍. സ്‌റ്റീവ് സ്‌മിത്ത്, മാര്‍നെസ് ലബുഷെയ്‌ന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവരും ഓസീസിനായി തിളങ്ങി.
ഇന്ത്യയ്‌ക്കായി ജസ്‌പ്രീത് ബുംറ രണ്ട് വിക്കറ്റുകള്‍ വീഴ്‌ത്തിയപ്പോള്‍ കുല്‍ദീപ് രണ്ട് വിക്കറ്റെടുത്തു. ഓപ്പണര്‍മാരായ മിച്ചൽ മാർഷും ഡേവിഡ് വാർണറും ചേര്‍ന്ന് ഗംഭീര തുടക്കമായിരുന്നു ഓസ്‌ട്രേലിയയ്‌ക്ക് നല്‍കിയത്. ആദ്യ വിക്കറ്റില്‍ 78 റണ്‍സാണ് ഇരുവരും ചേര്‍ത്തത്. തുടക്കം തൊട്ട് ഇന്ത്യന്‍ ബോളര്‍മാരെ ആക്രമിച്ച വാര്‍ണറും മാര്‍ഷും ചേര്‍ന്ന് അതിവേഗത്തിലായിരുന്നു ഓസീസ് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.
വാര്‍ണറായിരുന്നു കൂടുതല്‍ അപകടകാരി. ഒടുവില്‍ ഒമ്പതാം ഓവറില്‍ വാര്‍ണറെ വീഴ്‌ത്തി പ്രസിദ്ധ് കൃഷ്‌ണയാണ് ഇന്ത്യയ്‌ക്ക് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. 34 പന്തുകളില്‍ ആറ് ഫോറുകളും നാല് സിക്‌സുകളും സഹിതം 56 റണ്‍സ് നേടിയ വാര്‍ണറെ വിക്കറ്റ് കീപ്പര്‍ കെഎല്‍ രാഹുല്‍ പിടികൂടുകയായിരുന്നു. തുടര്‍ന്നെത്തിയ സ്റ്റീവ് സ്‌മിത്തിനൊപ്പം രണ്ടാം വിക്കറ്റില്‍ 137 റണ്‍സാണ് മാര്‍ഷ് കൂട്ടിച്ചേര്‍ത്തത്. 12-ാം ഓവറില്‍ ഓസീസ് നൂറ് കടന്നിരുന്നു.
ഇതിനിടെ സ്‌പിന്നര്‍മാരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പന്തേല്‍പ്പിച്ചതോടെയാണ് ഓസീസ് ഇന്നിങ്‌സിന്‍റെ വേഗം കുറഞ്ഞത്. 17-ാം ഓവറില്‍ 45 പന്തുകളില്‍ നിന്നും മാര്‍ഷ് അര്‍ധ സെഞ്ചുറി തികച്ചു. 22-ാം ഓവറില്‍ ഓസീസ് 150 റണ്‍സും കടന്നു. തൊട്ടടുത്ത ഓവര്‍ എറിയാനെത്തിയ ബുംറയ്‌ക്കെതിരെ ഒരു സിക്‌സും തുടര്‍ച്ചായ മൂന്ന് ബൗണ്ടറികളമടക്കം 19 റണ്‍സടിച്ച മാര്‍ഷ് ഗിയര്‍ മാറ്റി.
പിന്നാലെ സ്‌മിത്തും അര്‍ധ സെഞ്ചുറിയിലെത്തി. താരത്തിന്‍റെ 30-ാം ഏകദിന അര്‍ധ സെഞ്ചുറിയാണിത്. 27-ാം ഓവറില്‍ സന്ദര്‍ശകര്‍ 200 റണ്‍സ് കടന്നിരുന്നു. സെഞ്ചുറിയിലേക്ക് അടുക്കുകയായിരുന്ന മാര്‍ഷിനെ തൊട്ടടുത്ത ഓവറില്‍ തിരിച്ചയച്ച് കുല്‍ദീപ് ഇന്ത്യയ്‌ക്ക് ആശ്വാസം നല്‍കി.
നാലാം നമ്പറിലെത്തിയ മാര്‍നെസ് ലെബുഷെയ്‌ന്‍ ഒരറ്റത്ത് നിലയുറപ്പിച്ചെങ്കിലും സ്‌മിത്ത് മടങ്ങിയതോടെ ഇന്ത്യയ്ക്ക് തിരിച്ചുവരവിനും അവസരം ലഭിച്ചു. 61 പന്തില്‍ 74 റണ്‍സെടുത്ത സ്‌മിത്ത് സിറാജിന്‍റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന് എത്തിയ അലക്‌സ് കാരി (19 പന്തില്‍ 11), ഗ്ലെന്‍ മാക്‌സ്‌വെല്‍ (7 പന്തില്‍ 5), കാമറൂണ്‍ ഗ്രീന്‍ (13 പന്തില്‍ 9) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിഞ്ഞില്ല. വൈകാതെ ലബുഷെയ്‌നെയും (58 പന്തില്‍ 72) ബുംറ മടക്കി. അവസാന ഓവറിലാണ് ഓസീസ് 350 കടന്നത്. പാറ്റ് കമ്മിന്‍സ് (22 പന്തുകളില്‍ 19), മിച്ചല്‍ സ്റ്റാര്‍ക്ക് (2 പന്തില്‍ 1) എന്നിവര്‍ പുറത്താവാതെ നിന്നു.
ALSO READ:ICC ODI Rankings തൊട്ടരികില്‍ ശുഭ്‌മാന്‍ ഗില്‍; കഷ്‌ടിച്ച് ഒന്നാം സ്ഥാനം നിലനിര്‍ത്തി ബാബര്‍ അസം