വിശാഖപട്ടണം: ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്ത് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമിലേക്ക് നായകന്‍ രോഹിത് ശര്‍മ മടങ്ങിയെത്തി. ഇതുള്‍പ്പെടെ രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ നിരയിലുള്ളത്.
രോഹിത് പ്ലേയിങ് ഇലവനിലെത്തിയപ്പോള്‍ ഇഷാന്‍ കിഷനാണ് സ്ഥാനം നഷ്‌ടമായത്. ഓള്‍ റൗണ്ടര്‍ ശാര്‍ദുര്‍ താക്കൂറാണ് ടീമില്‍ നിന്നും പുറത്തായ മറ്റൊരു താരം. അക്‌സര്‍ പട്ടേലിനാണ് അവസരം ലഭിച്ചത്.
ഓസീസ് നിരയിലും രണ്ട് മാറ്റങ്ങളുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെലിനും ജോഷ് ഇംഗ്ലിഷിനും സ്ഥാനം നഷ്‌ടപ്പെട്ടപ്പോള്‍ നഥാന്‍ എല്ലിസ്, അലക്‌സ് ക്യാരി എന്നിവരാണ് പ്ലേയിങ് ഇലവനില്‍ എത്തിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരം ഈ മാസം 22ന് ചെന്നൈയില്‍ നടക്കും.
എവിടെ കാണാം: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള രണ്ടാം ഏകദിനം സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കാണ് തത്സമയം സംപ്രേക്ഷണം ചെയ്യുന്നത്. ഡിസ്നി പ്ലസ് ഹോട്‌സ്റ്റാറിലും ഈ മത്സരത്തിന്‍റെ ലൈവ് സ്‌ട്രീമിങ്ങുണ്ട്.
മഴയും കളിച്ചേക്കും: വിശാഖ പട്ടണത്ത് രണ്ട് ദിവസങ്ങളിലായി പെയ്യുന്ന മഴ മാറി നിന്നതോടെയാണ് ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ഏകദിനം കൃത്യസമയത്ത് തുടങ്ങാന്‍ കഴിഞ്ഞത്. എന്നാല്‍ കാലാസ്ഥ പ്രവചനം അനുസരിച്ച് മത്സരത്തിനിടെ മഴ രസം കൊല്ലിയാവാനുള്ള സാധ്യതയുണ്ട്.
ഞായറാഴ്‌ച വിശാഖപട്ടണത്തിന് ഇടി മിന്നലോട് കൂടിയ മഴയ്‌ക്ക് 31 ശതമാനം മുതല്‍ 51 ശതമാനം വരെയാണ് സാധ്യതയെന്നാണ് പ്രവചനം. മേഘാവൃതമായ അന്തരീക്ഷമാണെങ്കിലും ഏകദേശം വൈകീട്ട് അഞ്ച് മണി മുതലാണ് മഴ പ്രതീക്ഷിക്കുന്നത്.
അതേസമയം മുംബൈയിലെ വാങ്കഡെയില്‍ നടന്ന ആദ്യ കളിയില്‍ അഞ്ച് വിക്കറ്റിനായിരുന്നു അതിഥേയര്‍ വിജയം നേടിയത്. ഇന്ന് വിശാഖപട്ടണത്തും വിജയം ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ ഒരു കളി ബാക്കി നില്‍ക്കെ തന്നെ ഇന്ത്യയ്‌ക്ക് പരമ്പര പിടിക്കാം. മുംബൈയില്‍ രോഹിത്തിന്‍റെ അസാന്നിദ്യത്തില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു ഇന്ത്യയെ നയിച്ചത്.
ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസിനെ 188 റണ്‍സില്‍ എറിഞ്ഞൊതുക്കിയ ഇന്ത്യ പത്ത് ഓവര്‍ ബാക്കിനില്‍ക്കെയായിരുന്നു വിജയം പിടിച്ചത്. ടോപ് ഓര്‍ഡര്‍ ബാറ്റര്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന് കെഎല്‍ രാഹുലും രവീന്ദ്ര ജഡേയും ചേര്‍ന്നാണ് ഇന്ത്യയ്‌ക്ക് വിജയം ഒരുക്കിയത്. ഓസീസിനെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ പരാജയപ്പെട്ട രാഹുലിന്‍റെ തകര്‍പ്പന്‍ തിരിച്ച് വരവുകൂടിയാണ് മുംബൈയില്‍ കാണാന്‍ കഴിഞ്ഞത്. ഇന്നും താരം തന്‍റെ ഫോം തുടരുമെന്ന് പ്രതീക്ഷിക്കാം.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.
ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ട്രാവിസ് ഹെഡ്, മിച്ചൽ മാർഷ്, സ്റ്റീവൻ സ്മിത്ത്(സി), മാർനസ് ലാബുഷെയ്‌ന്‍, അലക്‌സ് കാരി(വിക്കറ്റ് കീപ്പര്‍), കാമറൂൺ ഗ്രീൻ, മാർക്കസ് സ്റ്റോയിനിസ്, സീൻ ആബട്ട്, നഥാൻ എല്ലിസ്, മിച്ചൽ സ്റ്റാർക്ക്, ആദം സാംപ.