ഇന്‍ഡോര്‍:ഓസ്‌ട്രേലിയയ്‌ക്ക് എതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് മിന്നും തുടക്കം. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ 25 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 187 റണ്‍സ് എന്ന നിലയിലാണ്. അര്‍ധ സെഞ്ചുറി പിന്നിട്ട ശ്രേയസ് അയ്യരും (72 പന്തില്‍ 86) ശുഭ്‌മാന്‍ ഗില്ലുമാണ് (67 പന്തില്‍ 85) ക്രീസില്‍ തുടരുന്നത്.
സ്‌കോര്‍ ബോര്‍ഡില്‍ 16 റണ്‍സ് മാത്രം നില്‍ക്കെ ഇന്ത്യയ്‌ക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായിരുന്നു. നാലാം ഓവറിന്‍റെ നാലാം പന്തില്‍ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിനെ ജോഷ് ഹെയ്‌സല്‍വുഡ് വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിയുടെ കയ്യില്‍ എത്തിക്കുകയായിരുന്നു. 12 പന്തുകളില്‍ എട്ട് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം.
എന്നാല്‍ തുടര്‍ന്നെത്തിയ ശ്രേയസ് അയ്യര്‍ക്കൊപ്പം ചേര്‍ന്ന ശുഭ്‌മാന്‍ ഗില്‍ ഓസീസ് ബോളര്‍മാരെ കടന്നാക്രമിച്ചു. എട്ടാം ഓവറില്‍ അന്‍പത് പിന്നിട്ട ഇന്ത്യ ഇടയ്‌ക്ക് മഴ രസം കൊല്ലിയായെങ്കിലും 13-ാം ഓവറില്‍ നൂറും കടന്നു. തൊട്ടടുത്ത ഓവറിന്‍റെ ആദ്യ പന്തില്‍ കാമറൂണ്‍ ഗ്രീനിനെ സിക്‌സറിന് പറത്തി ശുഭ്‌മാന്‍ ഗില്‍ അര്‍ധ സെഞ്ചുറിയും തികച്ചു.
37 പന്തുകളില്‍ നിന്നാണ് ഗില്‍ അന്‍പത് കടന്നത്. തൊട്ടുപിന്നാലെ സ്പെൻസർ ജോൺസണിനെ സിക്‌സറിന് പറത്തിക്കൊണ്ടാണ് ശ്രേയസും അര്‍ധ സെഞ്ചുറിയിലെത്തിയത്. 41 പന്തുകളിലായിരുന്നു താരം അന്‍പത് തികച്ചത്. ഇതിന് പിന്നാലെ കൂടുതല്‍ ആക്രമിച്ചാണ് താരം കളിക്കുന്നത്.