വിശാഖപട്ടണം :ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ടീം ഇന്ത്യയ്ക്ക് വിജയം (India vs Australia). വിശാഖപട്ടണം വേദിയായ മത്സരത്തില്‍ കങ്കാരുപ്പടയ്‌ക്കെതിരെ രണ്ട് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മത്സരത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് ജോഷ് ഇംഗ്ലിസിന്‍റെ (Josh Inglis) സെഞ്ച്വറിയുടെ ബലത്തില്‍ നേടിയത് മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 208 റണ്‍സ്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു പന്ത് ശേഷിക്കെ വിജയത്തിലേക്ക് എത്തുകയായിരുന്നു (India vs Australia 1st T20I Match Result). 42 പന്തില്‍ 80 റണ്‍സ് നേടി ഇന്ത്യന്‍ ഇന്നിങ്സിനെ മുന്നില്‍ നിന്നും നയിച്ച നായകന്‍ സൂര്യകുമാര്‍ യാദവിന്‍റെ (Suryakumar Yadav) പ്രകടനമാണ് ടീമിനെ തുണച്ചത്. അര്‍ധസെഞ്ച്വറിയുമായി ഇഷാന്‍ കിഷനും (Ishan Kishan) മികച്ച പ്രകടനം കാഴ്‌ചവച്ചു. 14 പന്തില്‍ 22 റണ്‍സുമായി പുറത്താകാതെ നിന്ന റിങ്കു സിങ്ങാണ് (Rinku Singh) ഇന്ത്യയുടെ ജയം പൂര്‍ത്തിയാക്കിയത്.
209 എന്ന കൂറ്റന്‍ സ്കോറിലേക്ക് ബാറ്റേന്തിയ ഇന്ത്യയുടെ തുടക്കം ഗംഭീരമായിരുന്നില്ല. ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ തന്നെ ഓപ്പണര്‍ റിതുരാജ് ഗെയ്‌ക്‌വാദ് ഡയമണ്ട് ഡക്കായി (Diamond Duck). ഒരു പന്ത് പോലും നേരിടാതെ ഇന്ത്യന്‍ ഉപനായകന്‍ റണ്‍ഔട്ട് ആകുകയായിരുന്നു.
വമ്പന്‍ ഷോട്ടുകള്‍ക്ക് ശ്രമിച്ച യശസ്വി ജയ്‌സ്വാളും അധികം വൈകാതെ തന്നെ പവലിയനിലേക്ക് എത്തി. 8 പന്തില്‍ 21 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. മൂന്നാം വിക്കറ്റില്‍ ക്രീസില്‍ നിലയുറപ്പിച്ച ഇഷാന്‍ കിഷനും തകര്‍ത്തടിച്ച സൂര്യകുമാര്‍ യാദവും ചേര്‍ന്നാണ് മത്സരം ഇന്ത്യയുടെ കൈക്കലാക്കിയത്.