ഏകദിന ലോകകപ്പ്(ODI World Cup 2023)മാമാങ്കത്തിന് മുന്‍പുള്ള ടീം ഇന്ത്യയുടെ അവസാന ഡ്രസ് റിഹേഴ്‌സലായ ഓസ്‌ട്രേലിയന്‍ പരമ്പരയ്‌ക്ക് നാളെ മൊഹാലിയില്‍ തുടക്കമാകും (India vs Australia ODI Series). മൂന്ന് മത്സരങ്ങളാണ് ഐസിസി ഏകദിന റാങ്കിങ്ങില്‍ മൂന്നാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്കെതിരെ ടീം ഇന്ത്യ കളിക്കുന്നത്. എട്ടാം തവണ ഏഷ്യകപ്പ് നേടിയതിന്‍റെ തിളക്കത്തിലാണ് ടീം ഇന്ത്യ. ദക്ഷിണാഫ്രിക്കന്‍ പരമ്പര കൈവിട്ടതിന്‍റെ ക്ഷീണത്തിലെത്തുന്ന ഓസ്‌ട്രേലിയക്ക് ലോകകപ്പിന് മുന്‍പ് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ഇന്ത്യയ്‌ക്കെതിരെ ജയം അനിവാര്യം.
സീനിയേഴ്‌സില്ലാതെ ഇന്ത്യ:ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് ജോലിഭാരം കുറയ്‌ക്കുന്നതിനായി മുതിര്‍ന്ന താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ബിസിസിഐ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്‌ക്കുള്ള ഇന്ത്യന്‍ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. നായകന്‍ രോഹിത് ശര്‍മയ്‌ക്കൊപ്പം സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കാണ് ആദ്യ രണ്ട് മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചിരിക്കുന്നത്. ഇതോടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ടീമിലേക്കെത്തിയ കെഎല്‍ രാഹുലിന് കീഴിലാണ് ടീം ഇന്ത്യ കളിക്കാന്‍ ഇറങ്ങുന്നത്.
'ലോകകപ്പ് സ്വപ്‌നം' കണ്ട് രവിചന്ദ്രന്‍ അശ്വിന്‍:ഓസ്‌ട്രേലിയക്കെതിരായ സ്ക്വാഡ് പ്രഖ്യാപനത്തിലെ ഏറ്റവും വലിയ സര്‍പ്രൈസായിരുന്നു ടീമിലേക്കുള്ള ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍റെ മടങ്ങി വരവ്. ടെസ്റ്റ് ടീമിലെ സ്ഥിരസാന്നിധ്യമായ താരത്തിന് 20 മാസത്തിന് ശേഷമാണ് ഇന്ത്യയുടെ ഏകദിന സ്ക്വാഡിലേക്ക് അവസരം ലഭിക്കുന്നത്. ഏഷ്യ കപ്പിനിടെ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലിന് പരിക്കേറ്റതോടെയായിരുന്നു അശ്വിന് മുന്നില്‍ വീണ്ടും ടീമിലേക്കുള്ള വാതില്‍ തുറന്നത്.
ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡില്‍ ഉള്‍പ്പടെയുള്ള താരമാണ് അക്‌സര്‍ പട്ടേല്‍. ലോകകപ്പ് സ്ക്വാഡ് പ്രഖ്യാപനം നേരത്തെ കഴിഞ്ഞെങ്കിലും അന്തിമ ടീം ലിസ്റ്റ് സമര്‍പ്പിക്കാനുള്ള അവസാന ദിവസം സെപ്‌റ്റംബര്‍ 27 ആണ്. ഈ സാഹചര്യത്തില്‍ പരിക്കിന്‍റെ പിടിയിലുള്ള അക്‌സറിന് ലോകകപ്പ് നഷ്‌ടമായാല്‍ പകരം ഒസീസ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തി ടീമിലേക്ക് എത്താമെന്ന പ്രതീക്ഷയിലാണ് അശ്വിന്‍. രവിചന്ദ്രന്‍ അശ്വിനെ കൂടാതെ വാഷിങ്ടണ്‍ സുന്ദറിനെയും അക്‌സറിന് പകരം പരിഗണിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.