ബെംഗളൂരു :അഫ്ഗാനിസ്ഥാനെതിരെ നടന്നുകൊണ്ടിരിക്കുന്ന ടി20 പരമ്പരയില്‍ മിന്നും പ്രകടനമാണ് ഇന്ത്യ നടത്തുന്നത്(India vs Afghanistan T20I) മൂന്ന് മത്സര പരമ്പരയില്‍ കളിച്ച രണ്ട് ടി20കളിലും തകര്‍പ്പന്‍ വിജയം സ്വന്തമാക്കാന്‍ ആതിഥേയര്‍ക്ക് കഴിഞ്ഞിരുന്നു. ബെംഗളൂരുവിലെ ചിന്നസ്വമി സ്റ്റേഡിയത്തില്‍ ഇന്നാണ് മൂന്നാം ടി20 നടക്കുന്നത്.
മത്സരത്തില്‍ വിജയിക്കാന്‍ കഴിഞ്ഞാല്‍ പരമ്പരയില്‍ അഫ്ഗാനിസ്ഥാനെ വൈറ്റ്വാഷ് ചെയ്യാന്‍ ഇന്ത്യയ്ക്ക് കഴിയും. ഇതോടെ ഒരു ലോക റെക്കോഡും നീലപ്പടയ്ക്ക് ഒറ്റയ്ക്ക് സ്വന്തമാക്കാം. ഉഭയകക്ഷി ടി20 പരമ്പരയില്‍ എതിരാളികളെ ഏറ്റവും കൂടുതല്‍ തവണ വൈറ്റ്വാഷ് ചെയ്ത ടീമെന്ന റെക്കോഡാണ് ഇന്ത്യയ്ക്ക് സ്വന്തമാവുക.
നിലവില്‍ പാകിസ്ഥാനൊപ്പം പ്രസ്തുത റെക്കോഡ് പങ്കിടുകയാണ് ഇന്ത്യ. എട്ട് തവണ വീതമാണ് ഇതേവരെ ഇന്ത്യ, പാകിസ്ഥാന് ടീമുകള്‍ ടി20 പരമ്പരയില്‍ തങ്ങളുടെ എതിരാളികളെ സമ്പൂര്‍ണ തോല്‍വിയിലേക്ക് തള്ളിയിട്ടിട്ടുള്ളത് (Indian On Verge Of Beating Pakistan To Major T20I Feat).
ബെംഗളൂരുവില്‍ കളി പിടിച്ചാല്‍ ഇതിന്റെ എണ്ണം ഒമ്പതിലേക്ക് ഉയര്‍ത്താന്‍ രോഹിത് ശര്‍മയ്ക്കും സംഘത്തിനും കഴിയും (India Cricket Team T20 Record). അതേസമയം മൊഹാലിയിലും ഇന്‍ഡോറിലും നടന്ന ആദ്യ രണ്ട് ടി20കളില്‍ ആറ് വിക്കറ്റുകള്‍ക്കായിരുന്നു ഇന്ത്യ വിജയം നേടിയത്. ഓള്‍റൗണ്ടര്‍ മികവുമായി ശിവം ദുബെ ആയിരുന്നു ആദ്യ ടി20യിലെ താരമായത്. ഇന്‍ഡോറില്‍ പന്തുകൊണ്ടുള്ള തിളക്കത്തിന് അക്സര്‍ പട്ടേലും മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.