ബെംഗളൂരു : ചിന്നസ്വാമിയിലെ ഡബിള്‍ സൂപ്പര്‍ ഓവറിനൊടുവില്‍ അഫ്‌ഗാനിസ്ഥാനെതിരെ 10 റണ്‍സിന്‍റെ ജയം സ്വന്തമാക്കി ഇന്ത്യ (India vs Afghanistan 3rd T20I Result). ആതിഥേയരായ ഇന്ത്യ ഉയര്‍ത്തിയ 213 റണ്‍സിലേക്ക് ബാറ്റ് വീശി സമനില പിടിച്ച അഫ്‌ഗാനിസ്ഥാന്‍ ആദ്യ സൂപ്പര്‍ ഓവറില്‍ ഇന്ത്യയ്‌ക്ക് മുന്നിലുയര്‍ത്തിയത് 16 റണ്‍സ് ലക്ഷ്യം. അത് പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യയുടെ പോരാട്ടം 15 റണ്‍സില്‍ അവസാനിച്ചതോടെ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക്.
രണ്ടാം സൂപ്പര്‍ ഓവറില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 11 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ അഫ്‌ഗാനിസ്ഥാന് ഒരു റണ്‍സ് മാത്രം വിട്ടുകൊടുത്ത് രവി ബിഷ്‌ണോയ് രണ്ട് വിക്കറ്റുകള്‍ പിഴുതതോടെ ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. ഇതോടെ, 3-0നാണ് രോഹിത് ശര്‍മയും സംഘവും അഫ്‌ഗാനിസ്ഥാനെതിരായ ടി20 പരമ്പര സ്വന്തമാക്കിയത്.
രോഹിത്തിന്‍റെ സെഞ്ച്വറി, റിങ്കുവിന്‍റെ വെടിക്കെട്ട് : ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയെ 22-4 എന്ന നിലയിലേക്ക് മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ തള്ളിയിടാന്‍ അഫ്‌ഗാനിസ്ഥാനായി. യശസ്വി ജയ്‌സ്വാള്‍ (4), വിരാട് കോലി (0), ശിവം ദുബെ (1), സഞ്ജു സാംസണ്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് പവര്‍പ്ലേയില്‍ തന്നെ ഇന്ത്യയ്‌ക്ക് നഷ്‌ടപ്പെട്ടത്. പിന്നീട് ഒന്നിച്ച രോഹിത് ശര്‍മ - റിങ്കു സിങ് സഖ്യമായിരുന്നു ഇന്ത്യയെ മികച്ച സ്കോറിലേക്ക് എത്തിച്ചത്.
190 റണ്‍സാണ് ഇരുവരും പുറത്താകാതെ അഞ്ചാം വിക്കറ്റില്‍ അടിച്ചെടുത്തത്. 69 പന്ത് നേരിട്ട രോഹിത് ശര്‍മ 11 ബൗണ്ടറികളുടെയും 8 സിക്‌സറുകളുടെയും അകമ്പടിയില്‍ 121 റണ്‍സ് നേടി. മറുവശത്ത് 2 ഫോറും ആറ് സിക്‌സറും പായിച്ച റിങ്കു സ്വന്തമാക്കിയത് 39 പന്തില്‍ 69 റണ്‍സായിരുന്നു.
ഇന്ത്യയെ വിറപ്പിച്ച് അഫ്‌ഗാനിസ്ഥാന്‍ :മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് ഓപ്പണര്‍മാരായ റഹ്മാനുള്ള ഗുര്‍ബാസും ഇബ്രാഹിം സദ്രാനും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കം നല്‍കി. 11 ഓവറില്‍ 93 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. 50 റണ്‍സ് നേടിയ ഗുര്‍ബാസിനെ വാഷിങ്ടണ്‍ സുന്ദറിന്‍റെ കൈകകളിലെത്തിച്ച് കുല്‍ദീപ് യാദവായിരുന്നു അഫ്‌ഗാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്.
പിന്നീട് ഇബ്രാഹിം സദ്രാന്‍ (50), അസ്‌മത്തുള്ള ഒമര്‍സായി എന്നിവരെ അടുത്തടുത്ത ഓവറുകളിലായി മടക്കി ഇന്ത്യ മത്സരം നിയന്ത്രണത്തിലാക്കി. എന്നാല്‍, ക്രീസിലെത്തിയപാടെ അടി തുടങ്ങിയ ഗുല്‍ബദിന്‍ നൈബും മുഹമ്മദ് നബിയും ഇന്ത്യയെ വീണ്ടും സമ്മര്‍ദത്തിലാക്കി. സ്‌കോര്‍ 163-4 എന്ന നിലയില്‍ നില്‍ക്കെ 16 പന്തില്‍ 34 റണ്‍സ് അടിച്ച നബിയെ വാഷിങ്ടണ്‍ സുന്ദര്‍ മടക്കി ഇന്ത്യയ്‌ക്ക് ജയപ്രതീക്ഷ സമ്മാനിച്ചു.