ലണ്ടന്‍: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം. നോട്ടിങ്‌ഹാമിലെ ട്രെൻഡ്‌ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാവിലെ 11 മണിക്കാണ് മത്സരം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം കൂടിയാണ്. പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാവും വീരാട് കോലിയും സംഘവും ഇംഗ്ലണ്ടിനെതിരെ കളത്തിലിറങ്ങുക.
എന്നാല്‍ പരിക്ക് ടീമിന് തിരിച്ചടിയാണ്. തിങ്കളാഴ്ച പരിശീലനത്തിനിടെ പരിക്കേറ്റ ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് ആദ്യ ടെസ്റ്റ് നഷ്ടമാവും. ഇതോടെ ഓപ്പണിങ്ങില്‍ രോഹിത് ശർമ്മയ്ക്കൊപ്പം ലോകേഷ് രാഹുൽ ഇടം പിടിച്ചേക്കും. ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, അവേശ് ഖാൻ എന്നീ താരങ്ങള്‍ നേരത്തെ തന്നെ പരിക്കേറ്റ് ടീമില്‍ നിന്നും പുറത്തായിരുന്നു.
also read: ടോക്കിയോയില്‍ ചരിത്രം കുറിച്ച് എലെയ്ന്‍ തോംസണ്‍; സ്പ്രിന്‍റ് ഡബിള്‍ നിലനിര്‍ത്തുന്ന ആദ്യ വനിത
ഇവര്‍ക്ക് പകരം ശ്രീലങ്കന്‍ പര്യടനത്തിന്‍റെ ഭാഗമായിരുന്ന പൃഥ്വി ഷായും സൂര്യകുമാർ യാദവിനേയും ടീമിലേക്ക് തെരഞ്ഞെടുത്തിരുന്നുവെങ്കിലും ക്രുണാലിന് കൊവിഡ് സ്ഥീരികരിച്ചതോടെ നിര്‍ബന്ധിത നിരീക്ഷണത്തിലുള്ള താരങ്ങള്‍ക്ക് ടീമിനൊപ്പം ചേരാനായിട്ടില്ല. ഇതോടെ ആദ്യ രണ്ട് ടെസ്റ്റുകളും ഇരുവര്‍ക്കും നഷ്ടമാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ക്രിക്കറ്റിൽ നിന്ന് അനിശ്ചിതകാല ഇടവേളയെടുത്ത ഓൾറൗണ്ടർ ബെൻ സ്റ്റോക്സിന്‍റെ അഭാവം ഇംഗ്ലണ്ടിനും തിരിച്ചടിയാണ്. എന്നാല്‍ ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ജയം മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് വീരാട് കോലി നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തോല്‍വി ഒഴിവാക്കാന്‍ മത്സരം സമനിലയിലാക്കാന്‍ ശ്രമിക്കുകയെന്നത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു ദിനേശ് കാര്‍ത്തിക്കിനൊപ്പമുള്ള അഭിമുഖത്തില്‍ കോലി വ്യക്തമാക്കിയത്.
പിച്ച് റിപ്പോര്‍ട്ട്
സ്പിന്നിനേയും പേസിനേയും പിന്തുണയ്ക്കുന്ന സന്തുലിതമായ വിക്കറ്റാണ് ട്രെന്റ് ബ്രിഡ്ജിലേത്. പ്രാരംഭ ഘട്ടത്തിൽ പേസർമാർക്ക് മേല്‍ക്കൈ ലഭിക്കുമെങ്കിലും അവസാനത്തെ രണ്ട് ദിവസങ്ങളിൽ സ്പിന്നർമാർക്കും നേട്ടം കൊയ്യാനാവുമെന്നാണ് വിലയിരുത്തല്‍.