മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റില്‍ മുന്‍ ഓസ്‌ട്രേലിയൻ ബാറ്റ്‌സ്മാൻ ഡീൻ ജോൺസിന് ആദരാഞ്ജലി അർപ്പിക്കും. ഐപിഎല്ലുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിനിടെ സെപ്റ്റംബറിൽ മുംബൈയിൽ വെച്ചാണ് അദ്ദേഹം അന്തരിച്ചത്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിന്‍റെ ആദ്യ ദിവസത്തെ ഇടവേളയിലാകും ആദരിക്കല്‍ ചടങ്ങ് നടക്കുക.
ഡീന്‍ ജോണ്‍സണിന്‍റെ ജീവിത പങ്കാളി ജാനി ജോണ്‍സും പരിപാടിയുടെ ഭാഗമാകും. അതേസമയം ഡീന്‍ ജോണ്‍സണിന്‍റെ മരണ കാരണം ഹൃദയാഘാതമല്ലെന്ന് അടുത്ത ബന്ധുക്കള്‍ സംശയിക്കുന്നതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മുന്‍കാലത്ത് തലക്കേറ്റ ആഘാതത്തെ തുടര്‍ന്നായിരിക്കാം മരണമെന്നാണ് കുടുംബാംഗങ്ങള്‍ സംശയിക്കുന്നത്.
ജന്മനാടായ മെല്‍ബണില്‍ ഉള്‍പ്പെടെ 52 ടെസ്റ്റുകളിലും 164 ഏകദിനങ്ങളിലും അദ്ദേഹം ഓസ്ട്രേലിയയെ പ്രതിനിധീകരിച്ചു. 1980കളിലും 1990 കളിലും വിക്ടോറിയൻ ക്രിക്കറ്റ് ക്ലബിന്‍റെ ഭാഗമായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ പ്രമുഖ ഫസ്റ്റ് ക്ലാസ് റൺ വട്ടക്കാരനായാണ് വിരമിച്ചത്. തുടര്‍ന്ന് പരിശീലകനായും കമന്‍റേറ്ററായും തിളങ്ങി.
അതേസമയം, ഓസ്‌ട്രേലിയക്ക് എതിരെ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ടീം ഇന്ത്യ ഇതിനകം പ്ലേയിങ് ഇലവനെ പ്രഖ്യാപിച്ചു കഴിഞ്ഞു. നാല് മാറ്റങ്ങളുമായാണ് ടീം ഇന്ത്യ ഇറങ്ങുന്നത്. പൃഥ്വി ഷായ്‌ക്ക് പകരം ശുഭ്മാന്‍ ഗിൽ, വിരാട് കോലിക്ക് പകരം രവീന്ദ്ര ജഡേജ, വൃദ്ധിമാൻ സാഹയ്ക്ക് പകരം റിഷഭ് പന്ത്, മുഹമ്മദ് ഷമിക്ക് പകരം മുഹമ്മദ് സിറാജ് എന്നിവർ ടീമില്‍ ഇടം നേടി.
ടെസ്റ്റ് ക്രിക്കറ്റില്‍ സിറാജിനും ഗില്ലിനും അരങ്ങേറ്റ മത്സരമാണിത്. വ്യക്തിപരമായ കാരണങ്ങളാല്‍ വിട്ടുനില്‍ക്കുന്ന വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യ രഹാനെ ടീം ഇന്ത്യയെ നയിക്കും.