കാന്‍ബറ: ടി20 പരമ്പരയില്‍ ആദ്യ ജയം സ്വന്തമാക്കി ടീം ഇന്ത്യ. കാന്‍ബറ ടി20യില്‍ ഓസ്‌ട്രേലിയക്ക് എതിരെ 11 റണ്‍സിന്‍റെ ജയമാണ് വിരാട് കോലിയും കൂട്ടരും സ്വന്തം പേരില്‍ കുറിച്ചത്. കാന്‍ബറ ടി20യില്‍ ടീം ഇന്ത്യക്ക് 11 റണ്‍സിന്‍റെ ജയം. 162 റണ്‍സിന്‍റെ വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഓസ്‌ട്രേലിയക്ക് നിശ്ചിത 20 ഓവറില്‍ 150 റണ്‍സ് എടുക്കാനെ സാധിച്ചുള്ളു.
35 റണ്‍സെടുത്ത നായകന്‍ ആരോണ്‍ ഫിഞ്ചാണ് ഓസിസ് നിരയിലെ ടോപ്പ് സ്‌കോറര്‍. 30 റണ്‍സെടുത്ത ഷോര്‍ട്ട് ഫിഞ്ചിന് മികച്ച പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് 56 റണ്‍സിന്‍റെ ഒന്നാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ഓസിസ് ടീമിന് ജയം സമ്മാനിക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ സാധിച്ചത് ടീം ഇന്ത്യക്ക് തുണയായി. മധ്യനിരയില്‍ ഹെന്‍ട്രിക്വിസും 30 റണ്‍സുമായി തിളങ്ങി.