കേരളം

kerala

ETV Bharat / sports

ജയിച്ചത് ഇന്ത്യയുടെ മനസാന്നിധ്യം: സിഡ്‌നി ടെസ്റ്റ് സമനിലയില്‍ - ആർ അശ്വിൻ

രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്താണ് കളിയിലെ കേമൻ. പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയയും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ഈ മാസം 15ന് ബ്രിസ്‌ബെയിനില്‍ തുടങ്ങും.

Sydney test Australia vs India drawn
സിഡ്‌നി ടെസ്റ്റ് സമനിലയില്‍

By

Published : Jan 11, 2021, 1:09 PM IST

സിഡ്‌നി: അഞ്ചാംദിനം ഇന്ത്യൻ ബാറ്റിങ് നിരയെ എറിഞ്ഞിട്ട് ജയം സ്വന്തമാക്കാമെന്ന ഓസ്ട്രേലിയൻ മോഹം നടന്നില്ല. ബാറ്റ് കൊണ്ട് മാത്രമല്ല, മനസുകൊണ്ടും കൂടി ക്രീസില്‍ പിടിച്ചു നിന്ന ഇന്ത്യൻ ബാറ്റ്‌സ്‌മാൻമാർ ഓസീസിനെ ജയിക്കാൻ അനുവദിച്ചില്ല. അഞ്ചാം ദിനം 309 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 334 റൺസിന് കളി അവസാനിപ്പിച്ചു. അതോടെ മത്സരം സമനിലയിലായി. 1980ന് ശേഷം ടീം ഇന്ത്യ നാലാം ഇന്നിംഗ്സില്‍ ഇത്രയധികം ഓവർ പിടിച്ചു നിന്ന് മത്സരം അവസാനിപ്പിക്കുന്നത് ആദ്യമാണ്. 131 ഓവറാണ് നാലാം ഇന്നിംഗ്സില്‍ ഇന്ത്യ ബാറ്റ് ചെയ്തത്. ഒരു ഏഷ്യൻ ടീം ഓസ്ട്രേലിയയില്‍ നാലാം ഇന്നിംഗ്സില്‍ ഇത്രധികം ഓവർ പിടിച്ചു നിന്ന് സമനില നേടുന്നതും ആദ്യമാണ്.

259 പന്ത് പിടിച്ചുനിന്ന് 60 റൺസിന്‍റെ കൂട്ടുകെട്ട് സൃഷ്ടിച്ച ഹനുമ വിഹാരിയും ആർ അശ്വിനുമാണ് ഇന്ത്യയ്ക്ക് വിജയത്തിന് തുല്യമായ സമനില സമ്മാനിച്ചത്. 161 പന്തുകളില്‍ നിന്ന് 23 റൺസുമായി ഹനുമ വിഹാരിയും 128 പന്തുകളില്‍ നിന്ന് 39 റൺസെടുത്ത അശ്വിനും ഇന്ത്യയെ ആശ്വാസ തീരത്തേക്ക് നയിക്കുകയായിരുന്നു. കൈക്ക് പരിക്കേറ്റിട്ടും അശ്വിനൊപ്പം മുഴുവൻ ദിനവും പിടിച്ചു നിന്ന ഹനുമ വിഹാരയുടെ മനസാന്നിധ്യം സിഡ്‌നി ടെസ്റ്റിന്‍റെ പ്രത്യേകതയാണ്.

നേരത്തെ അഞ്ചാം ദിനം ബാറ്റിങ് തുടങ്ങുമ്പോൾ ക്രീസിലുണ്ടായിരുന്ന നായകൻ അജിങ്ക്യ രഹാനെ നാല് റൺസുമായി പുറത്തായപ്പോൾ ഇന്ത്യ തോല്‍വി ഭയന്നിരുന്നു. എന്നാല്‍ രഹാനെയ്ക്ക് പകരം ക്രീസിലെത്തിയ റിഷഭ് പന്ത് ജയിക്കാൻ ഉറച്ചാണ് ബാറ്റ് ചെയ്തത്. ഓസീസ് ബൗളർമാരെ തലങ്ങും വിലങ്ങും തകർത്തടിച്ച പന്ത് 118 പന്തില്‍ 97 റൺസെടുത്ത് പുറത്തായി. സെഞ്ച്വറി നഷ്ടമായെങ്കിലും പന്തിന്‍റെ തകർപ്പൻ ബാറ്റിങ് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ നല്‍കിയിരുന്നു. പന്തിനൊപ്പം ഉറച്ചു നിന്ന് ചേതേശ്വർ പുജാര 205 പന്തില്‍ 77 റൺസെടുത്ത് പുറത്തായതോടെ ഇന്ത്യ വീണ്ടും തോല്‍വി മണത്തു. പക്ഷേ തുടർന്ന് ക്രീസിലെത്തിയ ഹനുമ വിഹാരിയും ആർ അശ്വിനും ചേർന്ന് കളി സമനിലയിലേക്ക് എത്തിക്കുകയായിരുന്നു. മത്സരം അവസാനിക്കാൻ ഒരു ഓവർ കൂടി ശേഷിക്കെ ഓസീസ് നായകൻ ടിം പെയ്‌ൻ സമനില സമ്മതിക്കുകയായിരുന്നു.

ഇന്ത്യയുടെ ഓസീസ് പര്യടനത്തിലെ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ടിം പെയ്‌ൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. സ്റ്റീവ് സ്മിത്തിന്‍റെ തകർപ്പൻ സെഞ്ച്വറിയും വില്‍ പുകോവ്‌സ്‌കിയുടെ കന്നി അർധ സെഞ്ച്വറിയുടേയും മികവില്‍ ഓസീസ് ആദ്യ ഇന്നിംഗ്സില്‍ 338 റൺസെടുത്തു. മറുപടിയായി ഇന്ത്യ ഒന്നാംഇന്നിംഗ്സില്‍ ശുഭ്‌മാൻ ഗില്‍, പുജാര എന്നിവരുടെ അർധ സെഞ്ച്വറി മികവില്‍ 244 റൺസിന് ഓൾ ഔട്ടായി. മാർനസ് ലബുഷെയിൻ, സ്റ്റീവ് സ്മിത്ത്, ഗ്രീൻ എന്നിവരുടെ അർധ സെഞ്ച്വറി മികവില്‍ രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 312 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. രണ്ട് ഇന്നിംഗ്സിലും മികച്ച ബാറ്റിങ് പ്രകടനം നടത്തിയ സ്റ്റീവ് സ്മിത്താണ് കളിയിലെ കേമൻ. പരമ്പരയിലെ ആദ്യ മത്സരം ഓസ്ട്രേലിയയും രണ്ടാം മത്സരം ഇന്ത്യയും ജയിച്ചിരുന്നു. പരമ്പരയിലെ അവസാന മത്സരം ഈ മാസം 15ന് ബ്രിസ്‌ബെയിനില്‍ തുടങ്ങും.

ABOUT THE AUTHOR

...view details