സിഡ്‌നി: കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലെയും മോശം പ്രകടനത്തിന് മറുപടിയുമായി ഓസീസ് സൂപ്പർ താരം സ്‌റ്റീവ് സ്‌മിത്ത് സെഞ്ച്വറിയുമായി തിളങ്ങിയപ്പോള്‍ സ്‌ഡിനിയില്‍ പിറന്നത് ഒരുപിടി റെക്കോഡുകള്‍ കൂടിയാണ്. കരുതി കളിച്ച് സെഞ്ച്വറിയോടെ 131 റണ്‍സ് അടിച്ച് കൂട്ടിയ സ്‌മിത്ത് ഓസ്‌ട്രേലിയയ്ക്ക് ഒന്നാം ഇന്നിംഗ്സില്‍ മികച്ച സ്കോർ സമ്മാനിച്ചു.
ഇന്ന് സെഞ്ച്വറി നേടിയതോടെ ഏറ്റവും കുറവ് ഇന്നിങ്സുകളില്‍ നിന്ന് 27 ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന താരമെന്ന റെക്കോഡും സ്‌മിത്ത് സ്വന്തമാക്കി. സച്ചിനും കോലിയും 27 സെഞ്ച്വറികള്‍ക്കായി 141 ഇന്നിങ്സുകള്‍ കളിച്ചപ്പോള്‍ സ്‌മിത്ത് 136-ാം ഇന്നിങ്‌സിലാണ് അവര്‍ക്കൊപ്പമെത്തിയത്.
സിഡ്‌നിയിലെ ഈ വമ്പന്‍ പ്രകടനത്തിന് പിന്നാലെ ടീം ഇന്ത്യക്ക് എതിരെ ഏറ്റവും കൂടുതല്‍ സെഞ്ച്വറി സ്വന്തമാക്കുന്ന താരമെന്ന റെക്കോഡിന് ഒപ്പമെത്താനും സ്‌മിത്തിന് കഴിഞ്ഞു. 25 ഇന്നിങ്സുകളില്‍ നിന്നാണ് സ്‌മിത്തിന്‍റെ നേട്ടം. മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ റിക്കി പോണ്ടിങ്ങ്, വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ ബാറ്റ്സ്‌മാന്‍മാരായ ഗാരി സോബേഴ്‌സ് വിവിയന്‍ റിച്ചാര്‍ഡ്സ് എന്നിവരും ഇന്ത്യക്കെതിരെ എട്ട് സെഞ്ച്വറികൾ നേടിയിട്ടുണ്ട്. സോബേഴ്‌സ് 30 ഇന്നിങ്സിലും വിവിയന്‍ റിച്ചാര്‍ഡ് 41 ഇന്നിങ്സിലുമാണ് എട്ട് സെഞ്ച്വറികൾ നേടിയത്.
സിഡ്‌നിയില്‍ രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ഒസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 338 റണ്‍സ് പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 96 റണ്‍സെടുത്തു.