കേരളം

kerala

ETV Bharat / sports

അരങ്ങേറ്റത്തില്‍ റെക്കോഡിട്ട് സിറാജ്; ഇന്ത്യക്ക് പുതിയ പേസ് ആയുധം - siraj with record news

ഓസ്‌ട്രേലിയക്കെതിരെ മെല്‍ബണില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ അഞ്ച് വിക്കറ്റുകളാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത്. 50 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യന്‍ പേസര്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്

സിറാജിന് റെക്കോഡ് വാര്‍ത്ത  മെല്‍ബണ്‍ ജയം വാര്‍ത്ത  siraj with record news  melbourne win news
സിറാജ്

By

Published : Dec 29, 2020, 8:25 PM IST

മെല്‍ബണ്‍: ടീം ഇന്ത്യ മെല്‍ബണില്‍ സ്വന്തമാക്കിയത് ഒരു ജയം മാത്രമല്ല മികച്ച ഒരു പേസറെ കൂടിയാണ്. ഹൈദരാബാദില്‍ നിന്നും ഐപിഎല്‍ വഴി ടീം ഇന്ത്യയില്‍ ഇടം സ്വന്തമാക്കിയ മുഹമ്മദ് സിറാജിനെ. അഡ്‌ലെയ്‌ഡില്‍ നിന്നും മെല്‍ബണിലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ പേസ്‌ ആക്രമണത്തിന്‍റെ മൂര്‍ച്ച വര്‍ദ്ധിച്ചിരിക്കുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്‌ത്തി ചരിത്രം സൃഷ്‌ടിച്ച സിറാജാണ് മെല്‍ബണില്‍ ടീം ഇന്ത്യയുടെ കണ്ടെത്തല്‍. 50 വര്‍ഷങ്ങള്‍ക്കിടെ ആദ്യമായാണ് ഇന്ത്യന്‍ പേസര്‍ ഓസ്‌ട്രേലിയയില്‍ അരങ്ങേറ്റ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഐപിഎല്ലിലെ തകര്‍പ്പന്‍ പ്രകടനത്തിന് ശേഷം ടീം ഇന്ത്യയിലേക്ക് വിളി വരുമ്പോള്‍ അരങ്ങേറ്റം ഇങ്ങനെയാകുമെന്ന് സിറാജ് സ്വപ്‌നത്തില്‍ പോലും ചിന്തിച്ച് കാണില്ല. മെല്‍ബണില്‍ എട്ട് വിക്കറ്റിന്‍റെ ജയം ടീം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നിര്‍ണായ പങ്ക് സിറാജിനുമുണ്ട്.

രണ്ട് ഇന്നിങ്സുകളിലും ഓസിസ് നിരയിലെ ടോപ്പ് സ്‌കോറര്‍മാരെ കൂടാരം കയറ്റിയത് സിറാജായിരുന്നു. ആദ്യ ഇന്നിങ്സില്‍ 48 റണ്‍സെടുത്ത മാര്‍നസ് ലബുഷെയിനും രണ്ടാം ഇന്നിങ്സില്‍ 45 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും സിറാജിന്‍റെ പേസ് ആക്രമണത്തിന്‍റെ ചൂടറിഞ്ഞ് പുറത്തായി. ആദ്യ ടെസ്റ്റിനിറങ്ങുന്നതിന്‍റെ പരിചയ കുറവ് ഒരു ഘട്ടത്തില്‍ പോലും സിറാജിനെ വലച്ചില്ല. ജസ്‌പ്രീത് ബുമ്രയും ആര്‍ അശ്വിനും എല്ലാ പിന്തുണയും നല്‍കി. നായകനെന്ന നിലയില്‍ അജിങ്ക്യാ രഹാനെയും വിക്കറ്റിന് പിന്നില്‍ ആര്‍പ്പുവിളികളുമായി റിഷഭ് പന്തും ഉള്‍പ്പെടുന്ന ടീം അംഗങ്ങള്‍ സിറാജിന് പൂര്‍ണ പിന്തുണ നല്‍കി.

രണ്ട് ഇന്നിങ്സിലുമായി എട്ട് മെയ്‌ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെ 36 ഓവറുകളാണ് സിറാജ് എറിഞ്ഞത്. രണ്ടാം ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയതും സിറാജ് തന്നെ. പേസര്‍ ഉമേഷ് യാദവിന് പരിക്കേറ്റ സാഹചര്യത്തില്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് വേണ്ടിയുള്ള അടുത്ത ടെസ്റ്റില്‍ സിറാജിന്‍റെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുകയാണ്. പിതാവിന്‍റെ സ്വപ്‌നങ്ങള്‍ കൂടിയാണ് സിറാജ് യാഥാര്‍ത്ഥ്യമാക്കിയത്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് മത്സരം കളിച്ച് കാണണമെന്നായിരുന്നു ഓട്ടോ ഡ്രൈവറായ മുഹമ്മദ് ഗൗഫിന്‍റെ ആഗ്രഹം. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തിലൂടെ ഗൗഫിന്‍റെ മകന്‍ ഇന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ചരിത്ര താളുകളില്‍ ഇടം പിടിച്ച് കഴിഞ്ഞു.

ABOUT THE AUTHOR

...view details