മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ രണ്ടാമത്തെ ടെസ്റ്റില്‍ ടീം ഇന്ത്യ ഭേദപ്പെട്ട നിലയില്‍. ഓസിസിനെതിരെ മെല്‍ബണില്‍ രണ്ടാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഒന്നാം ഇന്നിങ്സില്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 277 റണ്‍സെടുത്തു. സെഞ്ച്വറിയോടെ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ അജിങ്ക്യാ രഹാനയുടെ കരുത്തിലാണ് ടീം ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്. 40 റണ്‍സെടുത്ത് പുറത്താകാതെ നില്‍ക്കുന്ന രവീന്ദ്ര ജഡേജയും രഹാനെയും ചേര്‍ന്ന് 104 റണ്‍സിന്‍റെ ആറാം വിക്കറ്റ് കൂട്ടുകെട്ടുണ്ടാക്കി. ഈ പാര്‍ട്ട്‌ണര്‍ഷിപ്പിന്‍റെ കരുത്തിലാണ് ടീം ഇന്ത്യയുടെ മുന്നേറ്റം.
മെല്‍ബണില്‍ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ നായകനെന്ന നേട്ടവും രഹാനെ ഞായറാഴ്‌ച സ്വന്തമാക്കി. ഇതിന് മുമ്പ് 1999 ല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് ഈ നേട്ടം സ്വന്തമാക്കിയത്. അന്ന് ബോക്‌സിങ് ഡേ ടെസ്റ്റില്‍ സച്ചിന്‍ സെഞ്ച്വറിയോടെ 116 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഓസ്‌ട്രേലിയയില്‍ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് രഹാനെ. ഇതിന് മുമ്പ് വിരാട് കോലിയെ കൂടാതെ മുഹമ്മദ് അസറുദ്ദീന്‍, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സൗരവ് ഗാംഗുലി എന്നിവര്‍ ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. മെല്‍ബണില്‍ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ ഒന്നിലധികം തവണ സെഞ്ച്വറി സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരം കൂടിയാണ് രഹാനെ.