മെല്‍ബണ്‍: ടിം പെയിനിന്റെയും കൂട്ടരുടെയും മോശം പ്രകടനത്തിനെതിരെ തുറന്നടിച്ച് മുന്‍ നായകന് റിക്കി പോണ്ടിങ്. രണ്ടാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ മോശം ഷോട്ടുകളാണ് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്മാര് പുറത്തെടുത്തതെന്ന് പോണ്ടിങ് പറഞ്ഞു. ആതിഥേയരുടെ മോശം പ്രകടനത്തില്‍ പിച്ചിനെ പഴിചാരാന്‍ സാധിക്കില്ല.
മികച്ച പിച്ചാണ് മെല്‍ബണിലേത്. സ്പിന്നര്‍മാര്‍ക്ക് ആനുകൂല്യം ലഭിക്കുന്ന പിച്ചാണ് ഇവിടെയുള്ളത്. ഒരു ടെസ്റ്റിന്റെ മൂന്നാം ദിവസം പേസര്‍മാര്‍ക്ക് വളരെ കുറച്ച് സാധ്യത മാത്രമാണുള്ളത്. മോശം പ്രകടനത്തെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ ടീമിന് മേലുള്ള സമ്മര്‍ദം വര്‍ദ്ധിക്കുകയാണ്. അതിനാല്‍ തന്നെ മോശം ഷോട്ടുകളില്‍ നിന്നും പുറത്ത് കടക്കാന്‍ ഓസിസ് താരങ്ങള്‍ നന്നായി വിയര്ക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടീം ഇന്ത്യയുടെ ബൗളര്‍മാരെ പ്രശംസിക്കാനും പോണ്ടിങ് മറന്നില്ല. ആദ്യ ഇന്നിങ്സില്‍ രവിചന്ദ്രന്‍ അശ്വിന് ഓസിസിന് എതിരെ മികച്ച രീതിയില്‍ പന്തെറിഞ്ഞു. ചില ദിവസങ്ങളില്‍ ബൗളേഴ്സ് നന്നായി തിളങ്ങും. അപ്പോള്‍ ബാറ്റ്സ്മാന്മാര് റിസ്ക് എടുക്കേണ്ടിവരും. അവരുെട ഭാഗത്ത് നിന്നും മോശം പ്രകടനം പ്രതീക്ഷിക്കരുത്. മികച്ച പേസിലും ലങ്തിലുമാണ് ബുമ്രയും സിറാജും ഉമേഷ് യാദവും ഉള്‍പ്പെടെയുള്ള താരങ്ങള്‍ പന്തെറിയുന്നത്. അശ്വിനും ജഡേജയും പോലും വിട്ടുവീഴ്ചക്ക് തയ്യാറായിരുന്നില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. കരുതി കളിച്ചില്ലെങ്കില്‍ മത്സരം ആതിഥേയരുടെ കൈയ്യില്‍ നിന്നും വഴുതിപ്പോകുമെന്ന മുന്നറിയിപ്പാണ് ഇതിലൂടെ പോണ്ടിങ് നല്‍കുന്നത്.
മെല്‍ബണില്‍ മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോള്‍ ഓസ്ട്രേലിയയെ ആറ് വിക്കറ്റ് നഷ്ടത്തിൽ 133 റണ്‍സെടുത്തു. രണ്ട് റണ്‍സിന്റെ ലീഡ് മാത്രമാണ് ഓസ്ട്രേലിയക്കുള്ളത്. നാല് വിക്കറ്റ് മാത്രമാണ് ശേഷിക്കുന്നത്.