സിഡ്‌നി: ഓസ്‌ട്രേലിയക്ക് എതിരെ സിഡ്‌നി ടി20യില്‍ ആറ് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി ടീം ഇന്ത്യ. ജയത്തോടെ മൂന്ന് മത്സരങ്ങളുള്ള പരമ്പര വിരാട് കോലിയും കൂട്ടരും 2-0ത്തിന് സ്വന്തമാക്കി. 22 പന്തില്‍ 44 റണ്‍സെടുത്ത് പുറത്താകാതെ നിന്ന വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഹര്‍ദിക് പാണ്ഡ്യയുടെ കരുത്തിലാണ് ടീം ഇന്ത്യയുടെ ജയം. മൂന്ന് ബൗണ്ടറിയും റണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്സ്. അഞ്ച് പന്തില്‍ പുറത്താകാതെ 12 റണ്‍സെടുത്ത ശ്രേയസ് അയ്യര്‍ പാണ്ഡ്യക്ക് പിന്തുണ നല്‍കി. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 46 റണ്‍സാണ് അടിച്ച് കൂട്ടിയത്.
സിഡ്‌നിയില്‍ വെടിക്കെട്ടുമായി പാണ്ഡ്യ; ടി20 പരമ്പര ഇന്ത്യക്ക്
ഓസ്ട്രേലിയ ഉയര്‍ത്തിയ 195 റണ്‍സെന്ന വിജയ ലക്ഷ്യം ടീം ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടന്നു. ആറ് വിക്കറ്റിനാണ് വിരാട് കോലിയുടെയും കൂട്ടരുടെയും ജയം
സിഡ്‌നിയില്‍ 195 റണ്‍സിന്‍റ വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് വേണ്ടി ഓപ്പണര്‍മാരായ ലോകേഷ് രാഹുലും ശിഖര്‍ ധവാനും മികച്ച തുടക്കം നല്‍കി. രാഹുല്‍ 30 റണ്‍സെടുത്തും ധവാന്‍ അര്‍ദ്ധസെഞ്ച്വറിയോടെ 52 റണ്‍സെടുത്തും പുറത്തായി. ഓപ്പണിങ് കൂട്ടുകെട്ടില്‍ ഇരുവരും ചേര്‍ന്ന് 56 റണ്‍സാണ് അടിച്ച് കൂട്ടിയത്. മൂന്നാമനായി ഇറങ്ങിയ നായകന്‍ വിരാട് കോലി 40 റണ്‍സെടുത്തും സഞ്ജു സാംസണ്‍ 15 റണ്‍സെടുത്തും പുറത്തായി.
മിച്ചല്‍ സ്വെപ്‌സണ്‍, ആദം സാംപ, ആന്‍ഡ്രു ടൈ, ഡാനിയേല്‍ സാംസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ആദ്യം ബാറ്റ് ചെയ്‌ത ആതിഥേയര്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തിലാണ് 194 റണ്‍സെടുത്തത്.