സിഡ്‌നി:ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധസെഞ്ച്വറികള്‍ സന്തമാക്കുന്ന താരമെന്ന റെക്കോഡ് രോഹിത് ശര്‍മക്ക് ഒപ്പം പങ്കിട്ട് വിരാട് കോലി. സിഡ്‌നിയില്‍ ചെവ്വാഴ്‌ച നടന്ന മത്സരത്തിലാണ് കോലി ഈ നേട്ടം സ്വന്തമാക്കിയത്. വിരാട് കോലിക്കും രോഹിത് ശര്‍മക്കും കുട്ടിക്രിക്കറ്റില്‍ 25 വീതം അര്‍ദ്ധസെഞ്ച്വറികളാണുള്ളത്.
വിരാട് കോലി 79ഉം രോഹിത് ശര്‍മ 100 ടി20കളില്‍ നിന്നാണ് ഈ നേട്ടം സ്വന്തമാക്കിയത്. 19 അര്‍ദ്ധസെഞ്ച്വറികളുമായി ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്തും അയര്‍ലന്‍ഡിന്‍റെ പോള്‍ സ്റ്റെര്‍ലിങ് നാലാം സ്ഥാനത്തുമാണ്.
ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പര 2-1നാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായ നാല് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ തുടങ്ങും. പരമ്പരയിലെ ആദ്യ മത്സരം ഡേ-നൈറ്റ് ടെസ്റ്റാണ്.
ആദ്യ ടെസ്റ്റിന് ശേഷം വിരാട് കോലി നാട്ടിലേക്ക് മടങ്ങും. കോലിയുടെ അഭാവത്തില്‍ ടീം ഇന്ത്യയെ ആര് നയിക്കുമെന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല. ഉപനായകന്‍ രോഹിത് ശര്‍മയുടെ ഫിറ്റ്നസുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം വെള്ളിയാഴ്‌ച ദേശീയ ക്രിക്കറ്റ് അക്കാദമി പുറത്തുവിട്ടേക്കും. അതിന് ശേഷമെ രോഹിത് ടെസ്റ്റ് കളിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.