സിഡ്‌നി: ഓസ്‌ട്രേലിയന്‍ പര്യടനത്തിനായി എത്തിയ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിടാതെ പിന്തുടരുകയാണ് പരിക്ക്. സിഡ്‌നി ടെസ്റ്റിന്‍റെ മൂന്നാം ദിനം ബാറ്റ് ചെയ്യുന്നതിനിടെ ജഡേജക്കേറ്റ പരിക്ക് സാരമുള്ളതെന്നാണ് പുറത്ത് വരുന്ന സൂചന.
പരിക്കിനെ തുടര്‍ന്ന് രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങ് ആരംഭിച്ച ആതിഥേയര്‍ക്കെതിരെ പന്തെറിയാനോ ഫീല്‍ഡ് ചെയ്യാനോ ജഡേജ എത്തിയിരുന്നില്ല. സ്‌കാനിങ്ങിന് വിധേയനാക്കിയതിനെ തുടര്‍ന്ന് ജഡേജയുടെ ഇടത് കൈ വിരലുകള്‍ക്ക് സാരമായി പരിക്കേറ്റെന്ന റിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. ഓള്‍ റൗണ്ടര്‍ക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ നാലാമത്തെ ടെസ്റ്റ് ഉള്‍പ്പെടെ നഷ്‌ടമായേക്കും.
അതേസമയം വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിന്‍റെ പരിക്ക് സാരമുള്ളതല്ല. സ്‌കാനിങ്ങിന് വിധേയനാക്കിയതിനെ തുടര്‍ന്ന് റിഷഭിന് വരും ദിവസങ്ങളില്‍ ബാറ്റിങ് തുടരാന്‍ സാധിക്കുമെന്നാണ് ലഭിക്കുന്ന സൂചന. നേരത്തെ പരിക്ക് കാരണം റിഷഭിന് പകരം വൃദ്ധിമാന്‍ സാഹയാണ് ഓസ്‌ട്രേലിയക്കായി രണ്ടാം ഇന്നിങ്സില്‍ വിക്കറ്റ് കീപ്പറായത്.
കൂടുതല്‍ വായനക്ക്: സിഡ്‌നിയില്‍ ഓസിസ് കരുത്താര്‍ജിക്കുന്നു; ഇന്ത്യ പ്രതിരോധത്തില്‍
ഇന്ത്യന്‍ പേസര്‍മാരായ ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ലോകേഷ് രാഹുല്‍ എന്നിവര്‍ പരിക്കിന്‍റെ പിടിയിലാണ്. നായകന്‍ വിരാട് കോലി വ്യക്തിപരമായ കാരണങ്ങളാല്‍ നാട്ടിലുമാണ്. ഈ സാഹചര്യത്തില്‍ ജഡേജയുടെ അഭാവം ടീം ഇന്ത്യയെ നേരിട്ട് ബാധിക്കും.