ബ്രിസ്‌ബെയിന്‍: ടീം ഇന്ത്യക്കെതിരായ നാലാമത്തെ ടെസ്റ്റിന്‍റെ ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസ്ട്രേലിയ അഞ്ച് വിക്കറ്റ് നഷ്‌ടത്തിൽ 274 റൺസെന്ന നിലയിൽ. ആതിഥേയർക്ക് തുടക്കത്തിൽ അൽപ്പം തിരിച്ചടി നേരിടേണ്ടി വന്നെങ്കിലും മാര്‍നസ് ലെബുഷെയിനിന്‍റെ സെഞ്ച്വറി നേട്ടം (204 പന്തിൽ 108) ഓസ്ട്രേലിയയെ മെച്ചപ്പെട്ട നിലയിൽ എത്താൻ സഹായിച്ചു. ഒന്നാം ദിനം കളി അവസാനിക്കുമ്പോൾ ക്യാപ്റ്റൻ ടിം പെയ്‌നും (62 പന്തിൽ 38) കാമറൂൺ ഗ്രീനും (70 പന്തിൽ 28) ആണ് ക്രീസിലുള്ളത്.
ഓസ്ട്രേലിയ മെച്ചപ്പട്ട നിലയിലേക്ക്; ഒന്നാം ദിനം അഞ്ച് വിക്കറ്റിന് 274
ഇന്ത്യക്കായി അരങ്ങേറ്റ ടെസ്റ്റ് മത്സരം കളിക്കുന്ന നടരാജൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി
ഇന്ത്യക്കായി അരങ്ങേറ്റ മത്സരം കളിക്കുന്ന ടി നടരാജൻ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ലെബുഷെയിൻ, മാത്യൂ വെയ്‌ഡ് എന്നിവരുടെ വിക്കറ്റുകളാണ് നടരാജൻ സ്വന്തമാക്കിയത്. മുഹമ്മദ് സിറാജ്, ഷർദുൽ താക്കൂർ, വാഷിങ്ടൺ സുന്ദർ എന്നിവരും ഓരോ വിക്കറ്റ് വീതം നേടി.
മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യയുടെ പേസ് ബോളറായ നവ്ദീപ് സെയ്‌നി ബോൾ ചെയ്യുന്നതിനിടെ പരിക്ക് പറ്റി പുറത്തുപോയത് ഇന്ത്യക്ക് തിരിച്ചടിയായി. സെയ്‌നിയുടെ ഏഴാം ഓവറിലാണ് പരിക്ക് പറ്റിയത്. സിറാജിനൊപ്പം ടി നടരാജനാണ് ഇന്ത്യന്‍ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്.