സിഡ്‌നി: ആദ്യ ഏകദിനത്തിന്‍റെ തനിയാവര്‍ത്തനമായിരുന്നു സിഡ്‌നിയിലും. ഇന്ത്യൻ ബൗളര്‍മാരെ നിലംപരിശാക്കി ഓസീസ് ബാറ്റ്‌സ്‌മാൻമാരുടെ തോരോട്ടം. ഇറങ്ങിയ ആറ് പേരില്‍ നാല് പേര്‍ അര്‍ധസെഞ്ച്വറിയും ഒരാള്‍ സെഞ്ച്വറിയും നേടിയപ്പോള്‍ 50 ഓവറില്‍ ഓസ്‌ട്രേലിയ അടിച്ചെടുത്തത് 389 റണ്‍സ്. നഷ്‌ടപ്പെടുത്തിയതാകട്ടെ നാല് വിക്കറ്റും. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ സ്റ്റീവ് സ്‌മിത്ത് (64 പന്തില്‍ 104) ടീമിനെ മുന്നില്‍ നിന്ന് നയിച്ചു.
ബാറ്റിങ് പിച്ചില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത തീരുമാനം ശരിവയ്‌ക്കുന്ന പ്രകടനമാണ് ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണറും ക്യാപ്‌റ്റര്‍ ആരോണ്‍ ഫിഞ്ചും പുറത്തെടുത്തത്. ആദ്യ വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 142 റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോള്‍ 22.5 ഓവര്‍ മാത്രമേ കഴിഞ്ഞിരുന്നുള്ളു. 69 പന്തില്‍ 60 റണ്‍സെടുത്ത ക്യാപ്‌റ്റൻ ഫിഞ്ചിന്‍റെ വിക്കറ്റാണ് ആദ്യം നഷ്‌ടമായത്. ആദ്യ മത്സരത്തില്‍ ഇന്ത്യയ്‌ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്‌ച വച്ച മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. പിന്നാലെ സ്‌കോര്‍ ബോര്‍ഡ് 156ല്‍ എത്തിയപ്പോഴേക്കും 77 പന്തില്‍ 83 റണ്‍സുമായി ഡേവിഡ് വാര്‍ണര്‍ പുറത്തായി.