ഇന്ത്യക്കെതിരായ രണ്ടാം ടി-20ല്‍ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ ജയം. ജയത്തോടെ രണ്ട് മത്സരങ്ങളുടെ പരമ്പര ഓസ്ട്രേലിയ സ്വന്തമാക്കി. ഗ്ലെൻ മാക്സ്വെല്ലിന്‍റെ സെഞ്ച്വറി മികവിലാണ് ഓസ്ട്രേലിയയുടെ ജയം.
ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 190 റൺസെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസീസ് രണ്ട് പന്ത് അവശേഷിക്കെ ലക്ഷ്യം മറികടന്നു. ആദ്യ നാലോവറിനുള്ളില്‍ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ട ഓസ്ട്രേലിയയ്ക്ക് ഡാര്‍സി ഷോര്‍ട്ടും മാക്സ്വെല്ലും കൂടിയാണ് മികച്ച അടിത്തറ പണിതത്. 55 പന്തില്‍ നിന്ന് ഒമ്പത് സിക്സും ഏഴ് ബൗണ്ടറിയും ഉൾപ്പെടെ 113 റൺസാണ് മാക്സ്വെല്‍ നേടിയത്. 28 പന്തില്‍ നിന്ന് 40 റൺസെടുത്ത ഡാർസി ഷോർട്ടും 20 റൺസുമായി ഹാൻഡ്സ്കോമ്പും മാക്സ്വെല്ലിന് മികച്ച പിന്തുണ നല്‍കി. ഇന്ത്യക്ക് വേണ്ടി വിജയ് ശങ്കർ രണ്ടും സിദ്ധാർഥ് കൗൾ ഒരു വിക്കറ്റും വീഴ്ത്തി.