സിഡ്‌നി:ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായ ശേഷിക്കുന്ന മത്സരങ്ങളില്‍ രോഹിത് ശര്‍മ കളിക്കും. പരമ്പരയുടെ ഭാഗമായ ശേഷിക്കുന്ന മത്സരങ്ങളില്‍ രോഹിതാകും ടീം ഇന്ത്യയുടെ ഉപനായകന്‍. നേരത്തെ ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനെ നയിച്ചും നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഉപനായകനായുമുള്ള അനുഭവ സമ്പത്ത് രോഹിതിനുണ്ട്.
കഴിഞ്ഞ രണ്ട് മത്സരത്തിലും നിറംമങ്ങിയ പ്രകടനം പുറത്തെടുത്ത ചേതേശ്വര്‍ പൂജാരക്ക് പകരക്കാരനായാണ് ഹിറ്റ്മാനെ ഉപനായകനാക്കിയത്. ഫിറ്റ്നസ് തെളിയിച്ച രോഹിത് 14 ദിവസത്തെ ക്വാറന്‍റൈന് ശേഷം കഴിഞ്ഞ ബുധനാഴ്‌ചയാണ് ടീം ഇന്ത്യക്കൊപ്പം ചേര്‍ന്നത്.
വിരാട് കോലിയുടെ അഭാവത്തില്‍ അജിങ്ക്യാ രഹാനെ നായകനായി തുടരും. അഡ്‌ലെയ്‌ഡില്‍ നടന്ന പിങ്ക് ബോള്‍ ടെസ്റ്റിലെ രണ്ടാം ഇന്നിങ്സില്‍ 36 റണ്‍സ് മാത്രം എടുത്ത് പുറത്തായ ടീം ഇന്ത്യ തോല്‍വിയുടെ കാര്യത്തിലും റെക്കോഡ് സ്വന്തമാക്കിയിരുന്നു. എട്ട് വിക്കറ്റിന് തോറ്റപ്പോള്‍ ഒരു ഇന്നിങ്സിലെ ഏറ്റവും ചെറിയ സ്‌കോറെന്ന ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡാണ് ടീം ഇന്ത്യയെ തേടിയെത്തിയത്.
എന്നാല്‍ മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ സ്വപ്‌ന സമാനമായ തിരിച്ചുവരവാണ് ടീം ഇന്ത്യ അജിങ്ക്യാ രഹാനെയുടെ നേതൃത്വത്തില്‍ നടത്തിയത്. ബൗളിങ് ഡിപ്പാര്‍ട്ട്‌മെന്‍റിന്‍റെ കരുത്തില്‍ എട്ട് വിക്കറ്റിന്‍റെ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മെല്‍ബണില്‍ ആദ്യ ഇന്നിങ്സില്‍ 195 റണ്‍സെടുത്തു രണ്ടാം ഇന്നിങ്സില്‍ 200 റണ്‍സെടുത്തും ആതിഥേയര്‍ പുറത്തായി.
പരമ്പരയിലെ മൂന്നാമത്തെ മത്സരം ഈ മാസം ഏഴിന് സിഡ്‌നിയില്‍ ആരംഭിക്കും. സിഡ്‌നിയില്‍ ജയിച്ച് കപ്പ് നിലനിര്‍ത്താനാകും ടീം ഇന്ത്യയുടെ ശ്രമം. പരിക്കിന്‍റെ പിടിയിലായ ബൗളിങ്ങ് ഡിപ്പാര്‍ട്ട്മെന്‍റിന് കരുത്തുപകരാന്‍ പേസ് സെന്‍സേഷന്‍ നടരാജനെയും ശര്‍ദുല്‍ ഠാക്കൂറിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.