സിഡ്‌നി:ഓസ്‌ട്രേലിയയ്ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യയ്ക്ക് നിറം മങ്ങിയ തുടക്കം. രണ്ടാം ദിനം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 96 റൺസെടുത്തിട്ടുണ്ട്. ഒമ്പത് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും അഞ്ച് റണ്‍സെടുത്ത നായകന്‍ അജിങ്ക്യാ രഹാനെയുമാണ് ക്രീസില്‍. ഓപ്പണര്‍മാരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്‌ടമായത്. ഉപനായകന്‍ രോഹിത് ശര്‍മ 26 റണ്‍സെടുത്തും ശുഭ്‌മാന്‍ ഗില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 50 റണ്‍സെടുത്തും പുറത്തായി. കരിയറിലെ ആദ്യ അര്‍ദ്ധസെഞ്ച്വറിയാണ് ഗില്‍ സിഡ്‌നിയില്‍ സ്വന്തമാക്കിയത്. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റിലൂടെയായിരുന്നു ഗില്ലിന്‍റെ അരങ്ങേറ്റം. സ്കോര്‍ബോര്‍ഡില്‍ 70 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെയാണ് ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്‌ടമായത്. ഹേസില്‍വുഡിന് റിട്ടേണ്‍ ക്യാച്ച് നല്‍കിയാണ് രോഹിത് കൂടാരം കയറിയത്. കമ്മിന്‍സിന്‍റെ പന്തില്‍ കാമറൂണ്‍ ഗ്രീന് ക്യാച്ച് വഴങ്ങിയാണ് ഗില്‍ ഔട്ടായത്.
നേരത്തെ ഓസ്ട്രേലിയ ഒന്നാം ഇന്നിംഗ്സില്‍ 338 റൺസിന് ഓൾഔട്ടായിരുന്നു. രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 166 റണ്‍സെന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്‌ട്രേലിയ 172 റണ്‍സ് കൂടി സ്‌കോര്‍ബോർഡില്‍ കൂട്ടിച്ചേര്‍ത്തു. സെഞ്ച്വറിയോടെ 131 റണ്‍സെടുത്ത മുന്‍ നായകന്‍ സ്റ്റീവ് സ്‌മിത്തും അര്‍ദ്ധസെഞ്ച്വറിയോടെ 91 റണ്‍സെടുത്ത മാര്‍നസ് ലബുഷെയിനുമാണ് ആതിഥേയര്‍ക്ക് രണ്ടാംദിനം മികച്ച തുടക്കം നല്‍കിയത്. ഇരുവരും ചേര്‍ന്ന് 100 റണ്‍സിന്‍റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടാണുണ്ടാക്കിയത്. ലബുഷെയിന്‍റെ വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ജഡേജയുടെ പന്തില്‍ രഹാനെക്ക് ക്യാച്ച് വഴങ്ങിയാണ് ലബുഷെയിന്‍ പുറത്തായത്.